അമേരിക്കൻ പൊതുജന പിന്തുണ വീണ്ടെടുക്കാൻ ഇസ്രായേലിന്‍റെ ‘ഭഗീരഥപ്രയത്നം’; എ.ഐയും സോഷ്യൽ മീഡിയയും ആയുധമാക്കുന്നതായി റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കയിൽ കുറഞ്ഞവരുന്ന ഇസ്രായേൽ അനുകൂല പൊതുജന പിന്തുണ വീണ്ടെടുക്കാൻ എ.ഐയും, സോഷ്യൽ മീഡിയയും ഉപയോഗിച്ച് വ്യാപക കാമ്പയിൻ നടത്തുന്നതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിലാണ് പരാമർശം. എ.ഐ ഉപയോഗിച്ച് നിർമ്മിക്കുന്ന സന്ദേശങ്ങൾ വലതുപക്ഷ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരെ ഉപയോഗിച്ച് വൻതോതിൽ അമേരിക്കക്കാരുടെ ഫോണുകളിലേക്ക് അയക്കുന്നതിന് പുറമെ, ക്രിസ്ത്യൻ പള്ളികൾ, യൂനിവേഴ്സിറ്റി കാമ്പസുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ, എ.ഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്ന ഓൺലൈൻ വിവരസ്രോതസുകൾ എന്നിവയിലേക്കും ഈ കാമ്പയിൻ സജീവമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിൽ ഇതിനായി ഇസ്രായേൽ ഭരണകൂടം ആറു കമ്പനികളെയെങ്കിലും നിയമിച്ചിട്ടുണ്ട്. കൂടാതെ, ഏകദേശം 36 മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻസ് വിദഗ്ധർ ഇസ്രായേലിനുവേണ്ടി പ്രവർത്തിക്കുന്ന വിദേശ ഏജന്റുമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഗസ്സ വംശഹത്യയും ഇറാനുമായുള്ള യുദ്ധവും കാരണം ഇസ്രായേലിനെതിരായ എതിർപ്പ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ കാമ്പയിൻ നടക്കുന്നത്. 2025 മാർച്ചിൽ പ്യൂ റിസർച്ച് സെന്‍റർ നടത്തിയ സർവെ പ്രകാരം അമേരിക്കയിലെ മുതിർന്നവരിൽ 60 ശതമാനം പേർക്കും ഇസ്രായേലിനെക്കുറിച്ച് എതിരഭിപ്രായമാണുള്ളത്. എന്നാൽ 2022ൽ ഇത് 42 ശതമാനമായിരുന്നു.

കാമ്പയിന്‍റെ ഭാഗമായി എ.ഐ സഹായത്തോടെ തയ്യാറാക്കിയ ദശലക്ഷക്കണക്കിന് ടെക്സ്റ്റ് സന്ദേശങ്ങൾ അമേരിക്കക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് അയക്കുന്നതായാണ് റിപ്പോർട്ടിലുള്ളത്. യഥാർത്ഥമാണെന്ന് തോന്നിക്കാനായി സന്ദേശം അയക്കുന്നവർ എമ്മ, സാറ, ജോൺ എന്നീ പേരുകളിൽ പരിചയപ്പെടുത്തുകയും ‘ഫ്രണ്ട്സ് ഓഫ് പീസ്’ എന്ന പേരിലുള്ള ഒരു സംഘടനയെ പ്രതിനിധീകരിക്കുന്നവരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. ആദ്യം ഇസ്രായേൽ, ഇറാൻ അല്ലെങ്കിൽ അമേരിക്ക-ഇസ്രായേൽ ബന്ധം എന്നിവയെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കുകയും തുടർന്ന് സംഭാഷണം ഇസ്രായേൽ അനുകൂല വാദങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് രീതി. എന്നാൽ, 'ഫ്രണ്ട്സ് ഓഫ് പീസ്' എന്ന പേരിൽ രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാത്ത സംഘടനയോ കമ്പനിയോ നിലവിലുണ്ടെന്നതിന് തെളിവൊന്നും കണ്ടെത്താനായില്ല. സംഘടന ആരാണ് നടത്തുന്നതെന്നും ധനസഹായം നൽകുന്നതെന്നും വ്യക്തമാക്കുന്നതും കണ്ടെത്താനായില്ല. തങ്ങളുടെ ഫോൺ നമ്പർ എങ്ങനെ ലഭിച്ചുവെന്ന് ആളുകൾ ചോദിച്ചപ്പോൾ പൊതുവായ വിവരസ്രോതസ്സുകളിൽ നിന്നാണ് ലഭിച്ചതെന്ന് ആ സംവിധാനം മറുപടി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

ടെക്സ്റ്റ് സന്ദേശം പ്രചരണം നടത്തുന്നത് 'സ്പാർക്ക് ഫൈർ' എന്ന എ.ഐ അധിഷ്ഠിത രാഷ്ട്രീയ ആശയവിനിമയത്തിൽ വിദഗ്ധരായ കമ്പനിയാണ്. മെയ് മാസത്തിന്‍റെ പകുതിയോടെ കമ്പനിക്ക് 6.5 മില്യൺ ഡോളർ ലഭിച്ചിരുന്നു. എങ്കിലും, സംഭാഷണങ്ങൾ ജീവനക്കാരാണ് മേൽനോട്ടം വഹിക്കുന്നതെന്നും, ചിലപ്പോൾ അവർ നേരിട്ടും ആളുകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. സ്പാർക്ക് ഫൈറിന്‍റെ പ്രവർത്തനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 2016 ലെയും 2020 ലെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രവർത്തിച്ചിരുന്ന മുൻ ഉപദേഷ്ടാവ് ബ്രാഡ് പാർസ്കേലുമായുള്ള ഇസ്രായേലിന്റെ വലിയ കരാറിന്റെ ഭാഗമാണ്. 45 മില്യൺ ഡോളറിലധികം മൂല്യമുള്ള ഈ കരാറിൽ ഡിജിറ്റൽ പരസ്യങ്ങൾ, എ.ഐ സന്ദേശങ്ങൾ, വെബ്സൈറ്റുകൾ, വൻതോതിലുള്ള ടെക്സ്റ്റ് പ്രചാരണങ്ങൾ എന്നിവ ഉൾപ്പെടും. പാർസ്കേൽ കൺസർവേറ്റിവ് റേഡിയോയും പോഡ്കാസ്റ്റുകളും നടത്തുന്ന പ്രമുഖ കമ്പനിയായ സേലം മീഡിയ യുടെ ചീഫ് സ്ട്രാറ്റജി ഓഫീസറുമാണ്. ഹ്യൂ ഹെവിറ്റ്, സ്കോട്ട് ജെന്നിംഗ്സ്, ട്രംപിന്റെ മരുമകളായ ലാറ ട്രംപ് എന്നിവരുടെ പരിപാടികൾ ഈ നെറ്റ്‌വർക്കാണ് സംപ്രേഷണം ചെയ്യുന്നത്. പാർസ്കേലിന്‍റെ ആദ്യ കരാറിൽ സേലം മീഡിയയുടെ പ്ലാറ്റ്ഫോമുകളിലും മറ്റ് വിതരണ ശൃംഖലകളിലും പ്രചാരണത്തിന്റെ ആശയങ്ങൾ ഉൾപ്പെടുത്താൻ നിർദേശിച്ചിരുന്നു. തുടർന്ന്, ഈ നെറ്റ്‌വർക്കിലൂടെ പരസ്യങ്ങൾ നൽകുന്നതിനായി 5 ലക്ഷം ഡോളറിലധികം ചെലവഴിച്ചു.

അമേരിക്കയിലെ ഏറ്റവും വിശ്വസ്തമായ രാഷ്ട്രീയ വിഭാഗങ്ങളിലൊന്നായ ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികളിൽ പിന്തുണ ശക്തിപ്പെടുത്താനും ഇസ്രായേൽ ശ്രമിച്ചിട്ടുണ്ട്. പ്രചരണത്തിന്‍റെ ഭാഗമായി കരാർ ചെയ്ത പുതിയ അമേരിക്കൻ അഭിഭാഷക സംഘടനയായ ഷോ ഫെയ്ത്ത് ബൈ വർക്ക്സ്, അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലെ മെഗാ പള്ളികളിലും ക്രിസ്ത്യൻ കോളേജുകളിലും എത്തുന്ന ഏകദേശം 40 ലക്ഷം ആളുകളെ ജിയോഫെൻസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ലക്ഷ്യമിടാൻ നിർദേശിച്ചു. ജിയോഫെൻസിങ് എന്നാൽ പള്ളികൾ, കാമ്പസുകൾ, മതപരമായ സമ്മേളനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള മൊബൈൽ ഉപകരണങ്ങളിലേക്ക് പരസ്യങ്ങളോ വിവരങ്ങളോ അയയ്ക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ്.

രേഖകൾ പ്രകാരം ഈ കാമ്പയിൻ ഇസ്രായേലുമായി അനുകൂല ബന്ധങ്ങൾ സൃഷ്ടിക്കാനും ഫലസ്തീനികളെ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തി കാണിക്കാനുമാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി 3 മില്യൺ ഡോളറിലധികം ബജറ്റ് നിർദേശിച്ചിരുന്നു. നടൻ ക്രിസ് പ്രാറ്റ്, ബാസ്‌ക്കറ്റ്ബോൾ താരം സ്റ്റീഫൻ കറി എന്നിവർ പിന്തുണക്കാരാകാൻ സാധ്യതയുള്ള പ്രമുഖരുടെ ഉദാഹരണങ്ങളായി രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

യുവാക്കളെയും സാമൂഹിക ചിന്താഗതിയുള്ളവരെയും ലക്ഷ്യമിട്ട് ഓൺലൈൻ ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ച് പ്രചാരണം നടത്തി. ഇതിനായി ചെറിയ ഇൻഫ്ലുവൻസർമാരുടെ കമ്പനികൾക്ക് പണം നൽകി.

അമേരിക്കയിൽ ഫലസ്തീന് അനുകൂല പിന്തുണ വർധിക്കുന്ന സാഹചര്യത്തിൽ അതിനെ ചെറുക്കാനായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അമേരിക്ക സന്ദർശിച്ച വേളകളിൽ വലതുപക്ഷ ഇൻഫ്ലുവൻസർമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

അമേരിക്കക്കാർക്ക് എ.ഐ ചാറ്റ്ബോട്ടുകൾ നൽകുന്ന വിവരങ്ങളെയും ഈ കാമ്പയിൻ സ്വാധീനിക്കാൻ ശ്രമിക്കുന്നതായും ചാറ്റ് ജി.പി.ടി, ക്ലോഡ് തുടങ്ങിയ എ.ഐ ചാറ്റ്ബോട്ടുകൾ വിവരസ്രോതസ്സായി ഉപയോഗിക്കാനാകുന്ന തരത്തിൽ, സെർച്ച് റിസൽട്ടായി പ്രത്യക്ഷപ്പെടുന്ന ഇസ്രായേൽ അനുകൂല വെബ്സൈറ്റുകളും ലേഖനങ്ങളും ലിങ്കുകളും പാർസ്കെയിലിന്റെ സംഘം സൃഷ്ടിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അമേരിക്ക–ഇസ്രായേൽ സഖ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ വെബ്സൈറ്റിൽ നിന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ എ.ഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഈ കാമ്പയിൻ ട്രംപ് ഭരണകൂടത്തിനുള്ളിലും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇറാനുമായുള്ള യുദ്ധം ദീർഘിപ്പിക്കാനും ചർച്ചകളെ ദുർബലപ്പെടുത്താനും വേണ്ടി അമേരിക്കൻ പൊതുജനാഭിപ്രായം ഇസ്രായേൽ ഉദ്യോഗസ്ഥർ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചിരുന്നു.

Tags:    
News Summary - Israel's AI Propaganda Campaign in the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.