നൊബേൽ പുരസ്കാര പ്രഖ്യാപനങ്ങൾ തുടങ്ങിയപ്പോൾ മുതൽ സമാധാനത്തിനുള്ള പുരസ്കാരം ആർക്ക് ലഭിക്കുമെന്നതിലായിരുന്നു ആകാംക്ഷ. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുരസ്കാരത്തിന് അവകാശവാദവുമായി സ്വയം രംഗത്തെത്തിയതോടെ സമാധാന പുരസ്കാര പ്രഖ്യാപനം വാർത്തകളിൽ ഇടംപിടിച്ചു. എന്നാൽ, ഡോണൾഡ് ട്രംപിനെ മറികടന്ന് ലാറ്റിനമേരിക്കൻ ജനാധിപത്യ അവകാശ പോരാട്ടങ്ങളുടെ നേതാവ് മരിയ കൊറിന മച്ചാഡോക്കാണ് പുരസ്കാരം ലഭിച്ചത്.
ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ജനാധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി നടത്തിയ പോരാട്ടങ്ങളിലൂടെയാണ് മച്ചാഡോ ശ്രദ്ധയാകർഷിക്കുന്നത്. നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലുള്ള സർക്കാറിനെതിരായ അവരുടെ പോരാട്ടം അത്ര സുഗമമായിരുന്നില്ല. ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ നിരവധി ഭീഷണികൾ അവർക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ, ഭീഷണിക്ക് മുന്നിലും സർക്കാറിന്റെ അറസ്റ്റിന് കീഴടങ്ങാൻ അവർ തയാറായില്ല.
2002-ൽ സുമതേ എന്ന സിവിൽ സൊസൈറ്റ എന്ന എൻ.ജി.ഒ സ്ഥാപിച്ചാണ് പൊതുരാഷ്ട്രീയത്തിലേക്ക് മരിയ കൊറീന ചുവടുവെക്കുന്നത്. 2010ൽ ആദ്യമായി വെനസ്വേലൻ കോൺഗ്രസിലേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ടു. 2014ൽ രാജ്യവിരുദ്ധ പ്രവർത്തനം ആരോപിച്ച് വെനസ്വേലൻ കോൺഗ്രസിൽ നിന്നും അവരെ പുറത്താക്കി. 2023ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ തീരുമാനിച്ചു. എന്നാൽ, 2024ൽ മത്സരത്തിന് അവർക്ക് വിലക്ക് വന്നു. തുടർന്ന് പ്രതിപക്ഷത്തിന്റെ മറ്റൊരു സ്ഥാനാർഥിയായ എഡ്മണ്ടോ ഗോൺസാലസ് ഉറുട്ടിയയെ അവർ പിന്തുണച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മഡുറോ തന്നെ ജയിച്ചു. ഇതിനെതിരെ പ്രക്ഷോഭം തുടങ്ങിയെങ്കിലും ഒടുവിൽ അവർക്ക് ഒളിവിൽ പോകേണ്ടി വന്നു.
വാഷിങ്ടൺ: സമാധാന നൊബേൽ പുരസ്കാര പ്രഖ്യാപനത്തെ വിമർശിച്ച് വൈറ്റ് ഹൗസ്. വാർത്താകുറിപ്പിലൂടെയാണ് വൈറ്റ് ഹൗസിന്റെ വിമർശനം. ആഗോള സമാധാനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളേക്കാൾ രാഷ്ട്രീയത്തിനാണ് നൊബേൽ പുരസ്കാരസമിതി പ്രാധാന്യം നൽകിയതെന്ന് വൈറ്റ് ഹൗസ് വിമർശിച്ചു. സമാധാന കരാറുകളുമായു ട്രംപ് ഇനിയും മുന്നോട്ട് പോകും. യുദ്ധങ്ങൾ അവസാനിപ്പിക്കുകയും ജീവനുകൾ രക്ഷിക്കുകയും ചെയ്യും.
ഡോണൾഡ് ട്രംപിന് ഒരു മനുഷ്യസ്നേഹിയുടെ ഹൃദയമാണ് ഉള്ളത്. ഇച്ഛാശക്തിയാൽ പർവതങ്ങളെ പോലും തള്ളിമാറ്റാൻ കഴിയുന്ന ഒരു നേതാവ് ഇനി ഉണ്ടാവില്ലെന്ന് വൈറ്റ് ഹീസ് വക്താവ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സമാധാന നൊബേലിന് തന്റെയത്ര അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന അവകാശവാദം ഡോണൾഡ് ട്രംപ് നിരന്തരം ആവര്‍ത്തിച്ചിരുന്നു.
അധികാരത്തിലേറി ഏഴുമാസത്തിനകം ഇന്ത്യ-പാകിസ്താന്‍, കംബോഡിയ-തായ്‌ലാന്‍ഡ്, കൊസോവോ-സെര്‍ബിയ, കോംഗോ-റുവാണ്ട, ഇസ്രായേല്‍-ഇറാന്‍, ഈജിപ്ത്-ഇത്യോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ തുടങ്ങിയ ഏഴ് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍/ യുദ്ധങ്ങള്‍ താന്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം. ഇത് മുൻനിർത്തി തനിക്ക് പുരസ്കാരം നൽകണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.
2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേലൻ പൊതുപ്രവർത്തക മരിയ കൊറിന മചാഡോക്ക്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ കൊറിന നടത്തിയ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.