ഉയരമേറിയ എവറസ്റ്റ് മേഖലയിൽ നിന്നും രാജ വെമ്പാലകളെ കണ്ടെത്തിയത് ആഗോള താപനത്തിന്‍റെ ലക്ഷണമോ?

നേപ്പാളിലെ 1000 മുതൽ 2700 അടിവരെ ഉയരമുള്ള എവറസ്റ്റ് മേഖലയിൽ നിന്ന് 10 രാജവെമ്പാലകളെ കണ്ടെത്തിയത് ശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഗോപാലേശ്വർ, ഭജ്യാങ്, സൊകോൾ, ഫുൽചൗക്ക് പ്രദേശങ്ങളിൽ നിന്നാണ് പാമ്പുകളെ കണ്ടെത്തിയിരിക്കുന്നത്.

പാമ്പുകളെ കണ്ടെത്തിയത് ഒരു അതിശയമാകുന്നത് അത് കണ്ടെത്തിയ ഉ‍റവിടം പരിശോധിക്കുമ്പോഴാണ്. ചൂടുള്ള അന്തരീക്ഷത്തിലും കാടുകളിലുമാണ് സാധാരണ രാജവെമ്പാലകളെ കണ്ടു വരുന്നത്. നിലവിൽ പാമ്പുകളെ പിടികൂടിയ ഇടങ്ങളിൽ നിന്ന് ഇതിനു മുമ്പ് പാമ്പുകളെയൊന്നും കണ്ടെത്തിയിട്ടില്ല. ഇത്രയും ഉയരത്തിൽ പാമ്പുകളെ കണ്ടെത്തിയത് പല സംശയങ്ങളും ഉയർത്തുന്നുണ്ട്. ആഗോള താപനില വർധിക്കുന്നതിന്‍റെ പരിണിത ഫലമാണ് ഈ പ്രതിഭാസമെന്ന് ചില സംശയങ്ങൾ ഉയർന്നു വരുന്നുണ്ട്.

നേപ്പാളിലെ ഫോറസ്ട്രി ഇൻസ്റ്റിറ്റ്യൂട്ടിലെ ബിഷ്ണു പാണ്ഡെ നൽകുന്ന വിവരമനുസരിച്ച് കോവിഡ് 19 കാലയളവിനു മുമ്പ് ഗൗരിശങ്കർ റേഞ്ചിൽ നിന്ന് രാജ വെമ്പാലയുടെ മുട്ടകൾ കണ്ടത്തിയിരുന്നു. നേപ്പാളിലെ താഴ്ന്ന നിലങ്ങളിൽ കണ്ടു വരുന്ന പാമ്പുകളെയാണ് എവറസ്റ്റ് മേഖലയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

തെക്കനേഷ്യയിലും, ഫിലിപ്പീൻസിലും, ഇന്ത്യയിലെ കാടുകളിലുമൊക്കെ കണ്ടുവരുന്ന ലോകത്തിലെ ഏറ്റവും നീളമുള്ള വിഷ പാമ്പാണ് രാജവെമ്പാലകൾ. നേപ്പാളിലെ തണുത്ത കാലാവസ്ഥയിൽ പൊതുവെ ഇതിനെ കാണാറില്ല. കാലാവസ്ഥാ മാറ്റം കാരണമാണ് ഇവ ഇത്രയും ഉയർന്ന പ്രദേശങ്ങളിൽ എത്തിയതെന്ന് കരുതുന്നുണ്ടെങ്കിലും ഗവേഷണങ്ങൾ നടത്താതെ ഇത് സ്ഥിരീകരിക്കാനാവില്ലെന്നും ഗവേഷകർ പറയുന്നു.

Tags:    
News Summary - king kobras founded from high altitude of everest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.