മുഹമ്മദ് മുഖ്ബർ ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റ്; ഖാംനഈയുടെ വിശ്വസ്തൻ

തെഹ്റാൻ: ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്‍റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പരമോന്നത നേതാവ് അലി ഖാംനഈ ഇടക്കാല പ്രസിഡന്‍റായി 68കാരനായ മുഖ്ബറിനെ നിയമിച്ചത്.

1955 സെപ്റ്റംബര്‍ ഒന്നിന് ജനിച്ച മുഖ്ബർ റഈസിയെ പോലെ അലി ഖാംനഈയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. റഈസി പ്രസിഡന്‍റായി ചുമതലയേറ്റതിനു പിന്നാലെ 2021 ആഗസ്റ്റിലാണ് മുഖ്ബറിനെ ഒന്നാം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്. അതിനു മുമ്പ് 14 വർഷം ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള നിക്ഷേപ ഫണ്ടായ ‘സെറ്റാഡി’ന്റെ തലവനായി പ്രവർത്തിച്ചിട്ടുണ്ട്. ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് 2010ല്‍ യൂറോപ്യന്‍ യൂനിയന്‍ ഉപരോധ പട്ടികയില്‍ ഉൾപ്പെടുത്തിയവരിൽ മുഖ്ബറും ഉണ്ടായിരുന്നു. രണ്ടു വർഷത്തിനുശേഷം അദ്ദേഹത്തെ പട്ടികയിൽനിന്ന് ഒഴിവാക്കി.

ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 അനുസരിച്ച് പ്രസിഡന്റ് അധികാരത്തിലിരിക്കെ മരിക്കുകയോ, അസുഖബാധിതനാവുകയോ ചെയ്താൽ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാകാം. 50 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും നടത്തണം. 2025ലാണ് ഇനി ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

Tags:    
News Summary - Khamenei appoints vice president Mokhber to temporarily replace Raisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.