ഖലീൽ അൽഹയ്യ (ഫയൽ ചിത്രം)
ഗസ്സ സിറ്റി: ഒരുമാസം മുമ്പ് ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ച് ഇസ്രായേൽ വധിക്കാൻ ശ്രമിച്ച ഹമാസിന്‍റെ മുതിർന്ന നേതാവ് ഖലീൽ അൽഹയ്യ ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ടു. ഈജിപ്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസിനെ പ്രതിനിധീകരിക്കാനിരിക്കെയാണ് ഹയ്യയുടെ ടി.വി. സന്ദേശം പുറത്തുവന്നിരിക്കുന്നത്.
കൈറോയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ഹയ്യ അൽഅറബി ചാനലിന് പ്രത്യേക അഭിമുഖം നൽകുകയായിരുന്നു. മകന്‍റെ മരണം ഉൾപ്പെടെ സംഭവിച്ച വ്യക്തിപരമായ നഷ്ടങ്ങളും ഗസ്സയിൽ മരിച്ചവരുടെ വേദനയും തനിക്ക് ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍റെ മകനും ഇസ്രായേൽ കൊന്നുകളഞ്ഞ മറ്റേത് ഫലസ്തീൻ കുഞ്ഞും ഒരുപോലെയാണ്. അവർ ചിന്തിയ ചോര ജറൂസലമിലേക്കുള്ള നമ്മുടെ വിജയത്തിന്‍റെ പാതയാകട്ടെയെന്ന് പ്രാർഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിന്‍റെ ആക്രമണശേഷം ഇതാദ്യമായാണ് അദ്ദേഹം കാമറക്ക് മുന്നിലെത്തുന്നത്.
ഖലീൽ ഹയ്യ ഉൾപ്പെടെയുള്ള ഹമാസ് നേതാക്കൾ ദോഹയിൽ നിന്ന് ഞായറാഴ്ച ഉച്ചയോടെ ഈജിപ്ഷ്യൻ തലസ്ഥാനമായ കൈറോയിൽ വിമാനമിറങ്ങി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന ഗസ്സ പദ്ധതിയിൽ കൈറോയിൽ നടക്കുന്ന ചർച്ച അവസാനഘട്ടത്തിലാണ്. നാളെ ഹമാസ്- ഇസ്രായേൽ പ്രതിനിധികൾക്കൊപ്പം യു.എസ്, ഈജിപ്ത്, ഖത്തർ നേതാക്കളും ചർച്ചകളിൽ പങ്കെടുക്കും.
ഇതിനിടയിലും യുദ്ധവിമാനങ്ങളും ടാങ്കുകളുമായി ഇസ്രായേൽ കൂട്ടക്കൊല ഗസ്സയിലുടനീളം തുടരുകയാണ്. 24 മണിക്കൂറിനിടെ 70ലേറെ പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഗസ്സയിൽ ഞായറാഴ്ച പകൽ ഭക്ഷണം കാത്തുനിന്ന നാലുപേരുൾപ്പെടെ 16 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഗസ്സ സിറ്റിയിൽ അഞ്ചുപേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങൾ തകർക്കപ്പെട്ടു. പട്ടിണിമൂലം ഒരാൾകൂടി ഞായറാഴ്ച ഗസ്സയിൽ മരണത്തിന് കീഴടങ്ങി. ആഗസ്റ്റിൽ യു.എൻ കൊടുംപട്ടിണി പ്രഖ്യാപിച്ചശേഷം മരിച്ചവരുടെ എണ്ണം ഇതോടെ 182 ആയി.
അതിനിടെ, ബന്ദി മോചനം ആവശ്യപ്പെട്ട് ഇസ്രായേലിലെങ്ങും പ്രതിഷേധം കനക്കുകയാണ്. സർക്കാർ നിലപാട് തിരുത്തണമെന്നും ബന്ദികളുടെ മോചനം ഉടൻ നടപ്പാക്കണമെന്നുമാണ് ആവശ്യം.
ലണ്ടൻ: മാഞ്ചസ്റ്ററിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ജൂത ദേവാലയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫലസ്തീൻ അനുകൂല റാലികൾ നിർത്തണമെന്ന ബ്രിട്ടീഷ് പൊലീസിന്‍റെയും രാഷ്ട്രീയ നേതാക്കളുടെയും ആവശ്യം അവഗണിച്ച് പ്രതിഷേധിച്ചവർ അറസ്റ്റിലായി. നിരോധിത ഫലസ്തീൻ അനുകൂല സംഘടനക്ക് പിന്തുണയുമായി പ്രതിഷേധിച്ച 500ൽ ഏറെ പേരാണ് അറസ്റ്റിലായത്. ‘വംശഹത്യയെ എതിർക്കുന്നു. ഫലസ്തീൻ ആക്ഷൻ സംഘടനയെ പിന്തുണക്കുന്നു’ എന്ന ബാനർ ഉയർത്തി പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.