ഇസ്രായേൽ-ഹമാസ് വെടിനിർത്തലിലേക്ക് നയിച്ച സുപ്രധാന സംഭവവികാസങ്ങൾ

ദോഹ ആക്രമണം

സെപ്റ്റംബർ ഒമ്പത് വൈകുന്നേരം 5.30നാണ് ഇസ്രായേൽ മിസൈലുകൾ ദോഹയിലെ ജനവാസ മേഖലയിൽ പതിച്ചത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കൂടി നിർദേശ പ്രകാരം ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച അവിടെ നടന്നുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഹമാസ് നേതാക്കളെയാണ് ഇസ്രായേൽ ലക്ഷ്യംവെച്ചതെന്ന് വ്യക്തം. ആറുപേർ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന ഹമാസ് നേതാക്കളായ ഖലീൽ അൽ ഹയ്യ, ഖാലിദ് മിശ്അൽ എന്നിവർ തലനാരിഴക്ക് രക്ഷപ്പെട്ടു.

മധ്യസ്ഥ രാഷ്ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുംവിധമുള്ള ഇസ്രായേൽ ചെയ്തിയെ ലോകരാഷ്ട്രങ്ങൾ അപലപിച്ചതോടെ, ട്രംപിനുവരെ ഒരുവേള ഇസ്രായേലിനെ കൈയൊഴിയേണ്ടിവന്നു. ഇസ്രായേൽ ആക്രമണത്തിൽ തനിക്ക് ഒരു ആവേശവും തോന്നിയില്ലെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച് ട്രംപും തന്റെ അതൃപ്തി പരസ്യമാക്കിയതോടെ, ഇസ്രായേൽ ഒറ്റപ്പെട്ടെന്ന് പറയാം.

യു.എന്നിൽ ചിത്രങ്ങൾ മാറിമറിയുന്നു

സെപ്റ്റംബർ ഒമ്പതിലെ ആക്രമണവും തുടർന്നുണ്ടായ പ്രതികരണങ്ങളും ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിലും പ്രതിഫലിച്ചു. 80ാമത് ജനറൽ അസംബ്ലി നടന്നത് സെപ്റ്റംബർ 22,23 തീയതികളിലായിരുന്നു. ഇസ്രായേലിനോടുള്ള പ്രതിഷേധം ഫലസ്തീൻ ഐക്യദാർഢ്യമായി പ്രകടിപ്പിക്കാനാണ് അവിടെ അംഗരാജ്യങ്ങൾ ശ്രമിച്ചത്.

ഫ്രാൻസ്, ലക്സംബർഗ്, മാൾട്ട, മോണാക്കോ, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതായി യു.എന്നിൽ പ്രഖ്യാപിച്ചു. 193 അംഗ രാജ്യങ്ങളിൽ 157ഉം ഫലസ്തീനെ അംഗീകരിക്കുന്നു -81 ശതമാനം രാജ്യങ്ങൾ. ഈ വലിയ സംഖ്യയെ ഇസ്രായേലിനും സഖ്യകക്ഷിയായ യു.എസിനും അവഗണിക്കാനാകുമായിരുന്നില്ല. അതുകൊണ്ടാണ്, യു.എൻ പ്രസംഗത്തിൽ ആ അംഗീകാരങ്ങൾ ഹമാസിനുള്ള പ്രതിഫലമാണെന്ന് പറയേണ്ടിവന്നത്. ‘ഗസ്സയിൽ ഉടനടി വെടിനിർത്തൽ വേണ’മെന്ന് പറയാൻ ട്രംപിനെ നിർബന്ധിതനാക്കിയതും യു.എന്നിൽ അംഗ രാജ്യങ്ങൾ എടുത്ത നിലപാടാണ്.

നെതന്യാഹു വൈറ്റ്ഹൗസിൽ

യു.എൻ സമ്മേളനം കഴിഞ്ഞ് നെതന്യാഹു നേരെ പോയത് വൈറ്റ്ഹൗസിലേക്കായിരുന്നു. സെപ്റ്റംബർ 29ന് നെതന്യാഹു-ട്രംപ് കൂടിക്കാഴ്ച നടന്നു. ഇവിടെ വെച്ചാണ് നെതന്യാഹു ഖത്തർ വ്യോമാക്രമണത്തിൽ ഖേദ പ്രകടനം നടത്തിയത്. വെടിനിർത്തലിനായി ട്രംപിന്റെ 20 ഇന നിർദേശങ്ങൾ ആദ്യമായി വന്നതും ഈ ചർച്ചയിലാണ്. നിർദേശങ്ങൾ ഇസ്രായേലും ഹമാസും അംഗീകരിച്ചാൽ വെടിനിർത്തലും ബന്ദി മോചനവും സാധ്യമാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ഹമാസ് അടുക്കുന്നു

ട്രംപിന്റെ 20ഇന സമാധാന നിർദേശങ്ങൾ ഭാഗികമായി ഹമാസ് അംഗീകരിക്കുന്നതോടെ, വെടിനിർത്തൽ ചർച്ചക്കുള്ള സാധ്യത തെളിഞ്ഞു. ഒക്ടോബർ മൂന്നിനാണ് ഹമാസ് ഇതുസംബന്ധിച്ച ആദ്യ പ്രസ്താവന നടത്തിയത്. ഒക്ടോബർ അഞ്ചിനുള്ളിൽ ഹമാസ് തീരുമാനം അറിയിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. അല്ലാത്തപക്ഷം, ഇസ്രായേലിന്റെ ചെയ്തികളെ പിന്തുണക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപിന്റെ നിർദേശങ്ങളിൽ വിശദ ചർച്ചവേണമെന്നായി ഹമാസ്. ബന്ദി മോചനം, ഗസ്സയുടെ ഭരണത്തെച്ചൊല്ലിയുള്ള ട്രംപിന്റെ നിർദേശം എന്നീ വിഷയങ്ങളിലും ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചതോടെ ചർച്ചക്ക് വഴിതുറന്നു.

ശറമു ശൈഖിലെ കൂടിക്കാഴ്ച

ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ ഈജിപ്തിലെ ശറമു ശൈഖിൽവെച്ചാണ് ഹമാസിന്റെയും ഇസ്രായേലിന്റെയൂം പ്രതിനിധികൾ ചർച്ച നടത്തിയത്.

Tags:    
News Summary - Key developments leading to the Israel-Hamas ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.