ബ്രസീലിയ: ബ്രസീലിൽ തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ മുൻ ജസ്റ്റിസ് മിനിസ്റ്ററും ബോൾസോനാരോയുടെ അടുത്ത അനുയായിമായ ആൻഡേഴ്സൺ ടോറസ് അറസ്റ്റിൽ. ആക്രമണം നടക്കുമ്പോൾ ബ്രസീലിയയിലെ സുരക്ഷ മേധാവിയായിരുന്നു ടോറസ്. ഫ്ലോറിഡയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ വിമാനത്താവളത്തിൽവെച്ചാണ് ഇയാൾ പിടിയിലായത്.
ടോറസിനെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു. ബോൾസോനാരോയുടെ അനുയായികൾ അക്രമവുമായി തെരുവിലിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോഴാണ് ടോറസിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.ഇടതുപക്ഷ പ്രസിഡന്റ് ലുല ഡി സിൽവ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ബ്രസീൽ തലസ്ഥാനമായ ബ്രസീലിയയിൽ കലാപം പൊട്ടിപുറപ്പെട്ടത്.
ബ്രസീൽ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ച മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസനാരോയെ അനുകൂലിക്കുന്ന തീവ്രവലതുപക്ഷ വിഭാഗക്കാർക്കെതിരെ നേരത്തെ തന്നെ നടപടി തുടങ്ങിയിരുന്നു. പ്രക്ഷോഭം സംഘടിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്ത ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ജുഡീഷ്യറി ഉത്തരവിട്ടിരുന്നു.കലാപവുമായി ബന്ധപ്പെട്ട് മിലിട്ടറി പൊലീസിന്റെ മുൻ കമാൻഡർ അറസ്റ്റിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.