വാഷിങ്ടൺ: അമേരിക്കൻ ജനതയുടെ താൽപര്യത്തിന് വിരുദ്ധമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇറാനുമായുള്ള യുദ്ധത്തിലേക്ക് നെതന്യാഹു വലിച്ചിടുകയായിരുന്നുവെന്ന് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഡിട്രോയിറ്റിലെ ഡെമോക്രാറ്റിക് പാർട്ടി ഫണ്ട് ശേഖരണ പരിപാടിയിൽ സംസരിക്കുകയായിരുന്നു അവർ. അമേരിക്കൻ ജനത ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിലാണ് ട്രംപ് ഇപ്പോൾ. നെതന്യാഹുവാണ് അദ്ദേഹത്തെ അതിലേക്ക് വലിച്ചിഴച്ചതെന്ന് നമുക്ക് വ്യക്തമായി പറയാവുന്നതാണ്. സൈനികരെ ട്രംപ് അപകടത്തിലാക്കിയെന്നും കമല പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴച്ചുവെന്ന പ്രചാരണത്തെ നെതന്യാഹു പലതവണ പരിഹസിച്ച് തള്ളിയതാണ്. ഇത്തരം വാർത്തകൾ വ്യാജമാണെന്നും അമേരിക്കക്ക് നല്ലതെന്ന് കരുതുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി മാത്രമേ തീരുമാനമെടുക്കൂകയൊള്ളുവെന്നും നെതന്യാഹു പറഞ്ഞു.
ഡൊണാൾഡ് ട്രംപിനെ ഇറാനുമായുള്ള യുദ്ധത്തിലേക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വലിച്ചിഴക്കുകയായിരുന്നു എന്ന ആരോപണം വിവിധ രാഷ്ട്രീയ നിരീക്ഷകരും വിദേശകാര്യ വിദഗ്ധരും പലപ്പോഴായി ഉയർത്തിയിട്ടുള്ള ഒന്നാണ്.
അതേസമയം, ഹുർമുസ് കടലിടുക്കിൽ ഇറാൻ നടപടി കടുപ്പിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക ഉയർന്നിട്ടുണ്ട്.അടച്ചിട്ടിരിക്കുന്ന ഹുർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ‘ശത്രുപക്ഷത്തുള്ളവരായി’ കണക്കാക്കി ആക്രമിക്കുമെന്നാണ് ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേവി (ഐ.ആർ.ജി.സി) അറിയിച്ചരിക്കുന്നത്. ഇറാൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് യു.എസ് ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കുന്നതവരെ കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും ഇറാൻ പറഞ്ഞു.
ഹോർമുസ് കടലിടുക്കിന് സമീപം ‘ജഗ് അർണവ്’, ‘സൻമാർ ഹെറാൾഡ്’ എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾക്ക് നേരെ ഇറാൻ സേന വെടിയുതിർത്തതിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം. ഹോർമുസ് കടക്കാനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പ് നടന്നത്. ഒമാനിൽനിന്ന് 37 കിലോമീറ്റർ വടക്കുകിഴക്കായാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് ക്രോസിങ് പൂർത്തിയാക്കാതെ ടാങ്കർ മടങ്ങുകയായിരുന്നു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇറാൻ-യു.എസ് രണ്ടാം ഘട്ട ചർച്ച അനിശ്ചിതമായി തുടരുകയാണ്. രണ്ടാം ഘട്ട ചർച്ചക്ക് സമയം നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി സയീദ് ഖാതിബ്സാദെ അറിച്ചു. രണ്ടാംഘട്ട ചർച്ചക്കു മുമ്പ് ആദ്യം ഇരുപക്ഷത്തിനും യോജിക്കാവുന്ന അടിസ്ഥാന ചട്ടക്കൂട് ഉണ്ടാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമപ്രകാരം തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഉപാധികൾ മാത്രമേ ഇറാൻ അംഗീകരിക്കുകയുള്ളു എന്നും സാദെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.