ബദർ ഖാൻ സൂരി
വാഷിങ്ടൺ ഡി.സി: ഫലസ്‌തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തതിനും ഇസ്രായേലിനോടുള്ള യു.എസിന്റെ വിദേശനയത്തെ എതിർത്തുവെന്നും കുറ്റം ചുമത്തി ട്രംപ് ഭരണകൂടം തടവിലിട്ട ഇന്ത്യൻ ഗവേഷകൻ ബദർ ഖാൻ സൂരി മോചിതനായി. യു.എസിലെ ജോർജ്ജ്ടൗൺ സർവകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ ഫെലോ ആയ ബദർ ഖാൻ സൂരിയെ മാർച്ച് 17നാണ് വിർജീനിയയിലെ വീട്ടിൽ വെച്ച് ഫെഡറൽ ഏജന്റുമാർ അറസ്റ്റ് ചെയ്തത്. ടെക്സസിൽ തടവിലാക്കുകയായിരുന്നു. രണ്ട് മാസത്തെ ജയിൽവാസത്തിനൊടുവിലാണ് മോചനം.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളുടെ ലംഘനമാണ് ബദർ ഖാൻ സൂരിയുടെ തടങ്കൽ എന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി പട്രീഷ്യ ടോളിവർ ഗൈൽസ് ജാമ്യം അനുവദിച്ചത്. ഭാര്യ മഫീസ് സലേ വഴി ബദർ ഖാൻ സൂരിക്ക് ഹമാസുമായി ബന്ധമുണ്ടെന്ന സർക്കാർ വാദം കോടതി തള്ളി. ഹമാസിനെ പിന്തുണച്ച് ബദർ ഖാൻ സൂരി പ്രസ്താവനകൾ നടത്തിയെന്നതിന് ഒരു തെളിവും ഹാജരാക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
'ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും ഗസ്സയിലെ വംശഹത്യക്കെതിരെ നിലകൊണ്ടതിനും ആരെയും അറസ്റ്റ് ചെയ്യാനും തടവിലാക്കാനും കഴിയില്ലെന്ന് ട്രംപ് ഭരണകൂടത്തിന് വ്യക്തമായ സന്ദേശം നൽകുന്നതാണ് കോടതി ഉത്തരവ്' -അഭിഭാഷകയായ ആസ്ത ശർമ്മ പറഞ്ഞു.
വൈകിയെത്തിയ നീതി നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് ജയിൽ മോചിതനായ ശേഷം സൂരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'രണ്ട് മാസമെടുത്തു, പക്ഷേ ഒടുവിൽ ഞാൻ സ്വതന്ത്രനായി, എല്ലാവരോടും നന്ദി പറയുന്നു' -അദ്ദേഹം പറഞ്ഞു. ജോർജ്ടൗൺ സർവകലാശാലയിൽ ഫാക്കൽറ്റി അംഗമായി സൂരി പ്രവർത്തിക്കുന്നുണ്ട്. അവിടെ ദക്ഷിണേഷ്യയിലെ ഭൂരിപക്ഷവാദവും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് കോഴ്‌സ് പഠിപ്പിക്കുന്നത്. സംഘർഷ പരിഹാര വിഷയങ്ങളിലാണ് സൂരിയുടെ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഫലസ്‌തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ടഫ്റ്റ്സ് യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയായ റുമൈസ ഓസ്‌ടർക്കിന്റെ മോചനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ബദർ ഖാൻ സൂരിയുടെ മോചനം. ഫലസ്‌തീനിൽ വംശഹത്യ നടത്തുന്ന ഇസ്രായേലുമായുള്ള അക്കാദമിക ബന്ധങ്ങൾ വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് റുമൈസ അടക്കമുള്ള വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി പോർട്ടലിൽ എഴുതിയ ലേഖനമാണ് നടപടിക്ക് കാരണമായത്. ആറ് ആഴ്ചകൾക്ക് ശേഷമാണ് ലൂസിയാനയിലെ ജയിലിൽ നിന്നും തുർക്കി വംശജയായ റുമൈസ പുറത്തിറങ്ങിയത്. ഫലസ്‌തീനികളെ പിന്തുണച്ചതിൻ്റെ പേരിൽ നിരവധി വിദ്യാർഥികളെ ട്രംപ് ഭരണകൂടം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.