ജറൂസലം: ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേൽ മനുഷ്യക്കുരുതി തുടരുന്നതിനിടെ, ഇതിന്‍റെ വാർത്തകൾ പുറംലോകത്തെത്തിക്കുന്നതിന് മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികളും ചർച്ചയാകുന്നു. ജോലിക്കിടെ ഏത് നിമിഷവും ജീവൻ നഷ്ടമാകുമെന്ന ഭീഷണി നേരിട്ടുകൊണ്ടാണ് വനിത മാധ്യമപ്രവർത്തകർ അടക്കമുള്ളവർ സംഘർഷമേഖലയിൽ ജോലി ചെയ്യുന്നത്.
ഇസ്രായേലിന്‍റെ വ്യോമാക്രമണം രൂക്ഷമായ ഗസ്സയിലെ ഒരു കെട്ടിടത്തിന്‍റെ ടെറസിൽ നിന്ന് വാർത്ത ലൈവായി റിപ്പോർട്ട് ചെയ്യുന്നതിനിടെ മിസൈൽ സ്ഫോടനമുണ്ടാകുേമ്പാൾ പതറാതെ വിവരണം തുടരുന്ന വനിത മാധ്യമ പ്രവർത്തകയുടെ വിഡിയോ കയ്യടി നേടുകയാണ്. അൽ ജസീറ ചാനലിന്‍റെ യുംന അൽ സെയ്ദ് എന്ന മാധ്യമ പ്രവർത്തകയാണ് ജീവൻ പണയം വെച്ച് ജോലി തടസ്സമില്ലാതെ ചെയ്തത്.
തൊട്ടടുത്ത് മിസൈൽ സ്ഫോടനം ഉണ്ടായപ്പോൾ സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നതിനിടയിലും യുംന ലൈവ് വിവരണം നിർത്തിയിരുന്നില്ല. 'എന്‍റെ ദൈവമേ, ഞാന്‍ താഴേക്ക് ഓടുകയാണ്. അതിഭയങ്കരമായ സ്ഫോടനമാണു നടന്നിരിക്കുന്നത്' എന്ന യുംനയുടെ വാക്കുകള്‍ക്കൊപ്പം സ്ഫോടനത്തിന്‍റെ ശബ്ദവും കേൾക്കാം. തൊട്ടു പിന്നാലെ സ്ഫോടനത്തിൽ തകർന്ന കെട്ടിടത്തിലേക്ക് ക്യാമറ നീങ്ങുന്നുണ്ട്. കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ഏഴുപേരോളമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സാധാരണ ദിവസങ്ങളില്‍ ഏറ്റവും തിരക്കേറുന്ന ജനവാസ കേന്ദ്രങ്ങളില്‍ ഒന്നിലാണ് ബുധനാഴ്ച സ്ഫോടനം നടന്നത്.
തിങ്കളാഴ്ച തുടങ്ങിയ ആക്രമണപരമ്പരയിൽ ആകെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 122 ആയി. ഇതിൽ 31 പേർ കുട്ടികളാണ്. 900ത്തിലധികം പേർക്ക് പരിക്കേറ്റു. അതേസമയം, ഇസ്രായേലിനുനേരെ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.
വ്യോമാക്രമണത്തിന് പുറമെ കരസേന ആക്രമണത്തിനും ഇസ്രായേൽ സജ്ജമായി നിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നിർത്തി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ മേധാവി അേന്റാണിയോ ഗുട്ടറസ് ഉൾപ്പെടെയുള്ളവർ ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.