ഗസ്സ സിറ്റി: ഗസ്സയിലെ വംശഹത്യാ യുദ്ധത്തിന്റെ റിപ്പോർട്ടിങ്ങിനെ തകർക്കാൻ ഇസ്രായേൽ ‘കൂട്ട ശിക്ഷ’ ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ഫലസ്തീൻ പത്രപ്രവർത്തക സിൻഡിക്കേറ്റ്. 2023 ഒക്ടോബറിൽ ഗസ്സയിൽ വംശഹത്യാ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേൽ ഫലസ്തീൻ പത്രപ്രവർത്തകരുടെ 706 കുടുംബാംഗങ്ങളെയെങ്കിലും കൊലപ്പെടുത്തിയതായി സിൻഡിക്കേറ്റ് പറഞ്ഞു.
യുദ്ധത്തിന്റെ ഭാഗമായി ഫലസ്തീൻ റിപ്പോർട്ടിങ്ങിനെ നിശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ സൈന്യം മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുന്നതായി സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് കമ്മിറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളെയല്ല, മറിച്ച് കരുതിക്കൂട്ടിയുള്ള ഒരു തന്ത്രമെന്ന നിലയിലാണ് ഈ ആക്രമണങ്ങൾ എന്നും റിപ്പോർട്ട് പറയുന്നു.
‘മാധ്യമപ്രവർത്തകർക്കെതിരായ ഇസ്രായേലി അക്രമം കൂടുതൽ അപകടകരവും ക്രൂരവുമായ ഒരു മാനം കൈവരിച്ചിരിക്കുന്നു. മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ലക്ഷ്യം വെച്ചാണ് ഇത് സാധ്യമാക്കുന്നത്. അതിജീവനത്തിനുള്ള വഴിയിൽ ഒരു ഭാരമാക്കി മാധ്യമപ്രവർത്തനത്തെ മാറ്റാനുള്ള വ്യക്തമായ ശ്രമമാണിത്. അതിന് അവരുടെ ആൺമക്കളും ഭാര്യമാരും മാതാപിതാക്കളും വില കൊടുക്കേണ്ടി വരുന്നുവെന്ന് സിൻഡിക്കേറ്റ് പറഞ്ഞു.
2023ൽ ഇസ്രായേൽ സൈന്യം മാധ്യമപ്രവർത്തകരുടെ ബന്ധുക്കളിൽ 436 പേരെയും 2024ൽ 203 പേരെയും ഈ വർഷം കുറഞ്ഞത് 67 പേരെയും കൊലപ്പെടുത്തി. നിരവധി കുടുംബങ്ങളെ നിർബന്ധിതമായി നാടുകടത്തി. അവർ ടെന്റുകളിലും താൽക്കാലിക ക്യാമ്പുകളിലും അഭയം തേടിയതിനുശേഷവും കൊലകൾ തുടർന്നുവെന്ന് അതിൽ പറയുന്നു.
അുത്തിടെ ഖാൻ യൂനുസിന് സമീപമുണ്ടായ ഒരു കേസ് സിൻഡിക്കേറ്റ് ഉദ്ധരിച്ചു. നഗരത്തിന് പടിഞ്ഞാറ് ഇസ്രായേൽ വിമാനങ്ങൾ ബോംബിട്ട് രണ്ടു വർഷത്തിനു ശേഷം മാധ്യമപ്രവർത്തക ഹിബ അൽ അബാദ്‌ലയുടെയും അവരുടെ മാതാവിന്റെയും കുടുംബത്തിലെ 15 അംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
2023 മുതൽ 2025 വരെയുള്ള ആക്രമണങ്ങളുടെ രീതി ഗസ്സയിലെ സ്വതന്ത്ര റിപ്പോർട്ടിങിനെ തകർക്കാനുള്ള ഇസ്രായേലിന്റെ ഉദ്ദേശ്യത്തെ തുറന്നുകാട്ടുന്നുവെന്ന് ‘ഫ്രീഡംസ്’ കമ്മിറ്റി തലവൻ മുഹമ്മദ് അൽ ലഹാം പറഞ്ഞു.
‘ഇസ്രായേൽ അധിനിവേശം സത്യത്തിനെതിരെ സമഗ്രമായ ഒരു യുദ്ധം നടത്തുകയാണെന്ന് ഇതിലൂടെ വെളിപ്പെടുന്നു. പത്രപ്രവർത്തകരുടെ കുടുംബങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട്. കാമറയെന്നോ കുട്ടിയെന്നോ പേനയെന്നോ വീടെന്നോ യാതൊരു വ്യത്യാസവുമില്ലാതെ ആണത്. ഫലസ്തീൻ ശബ്ദത്തെ നിശബ്ദമാക്കാൻ ശ്രമിച്ചതിന്റെ കുറ്റകൃത്യത്തിന് പത്രപ്രവർത്തകരുടെ കുടുംബങ്ങളുടെ രക്തം ജീവിക്കുന്ന സാക്ഷിയായി തുടരും -അൽ ലഹാം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.