വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസിൽ വെച്ച് വ്ലോദോമിർ സെലൻസ്കിയുമായി കുടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഫ്ലോറിഡയിൽ വെച്ച് രണ്ടര മണിക്കൂർ സമയമാണ് സെലൻസ്കിയും ട്രംപും തമ്മിൽ ചർച്ച നടത്തിയത്.
കരാറിന്റെ 95 ശതമാനവും പൂർത്തിയായെന്ന് ട്രംപ് പറഞ്ഞു. മുമ്പ് ഒരിക്കലും ഉണ്ടാകാത്തവിധം സമാധാനം അരികെയാണ്. പുടിനും സമാധാനകരാർ യാഥാർഥ്യമാകാൻ കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഒരു രണ്ട് പ്രശ്നങ്ങൾ കൂടി പരിഹരിക്കാനുണ്ടെന്ന കാര്യവും ട്രംപ് സമ്മതിച്ചു. സമാധാന കരാർ സംബന്ധിച്ച് ചർച്ച നടക്കുമ്പോൾ യുക്രെയ്ൻ പാർലമെന്റിൽ എത്താനും താൻ തയാറാണെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ വാഗ്ദാനത്തെ സെലൻസ്കിയും സ്വാഗതം ചെയ്തു.
ഡോണൾഡ് ട്രംപിന് നന്ദിയറിയിച്ച് സെലൻസ്കി രംഗത്തെത്തി. ട്രംപിനൊപ്പം പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജാർദ് കുഷ്നർ എന്നിവർക്കും സെലൻസ്കി നന്ദി പറഞ്ഞു. യോഗത്തിന് മുന്നോടിയായി ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. ചർച്ചകൾ പോസിറ്റീവാണെന്ന് റഷ്യയും പ്രതികരിച്ചിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന രണ്ട് ആളുകളാണ് ഇവിടെയുള്ളത്. അതിനാൽ സമാധാന കരാർ യാഥാർഥ്യമാകുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലുതും മാരകവുമായ യുദ്ധമായി മാറിക്കഴിഞ്ഞ യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കിി. വമ്പൻ പ്രഖ്യാപനങ്ങളില്ലെങ്കിലും യുദ്ധം ഇനി അധിക കാലം നീളില്ലെന്നാണ് ട്രംപിന്റെ അവകാശവാദം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.