മെൽബൺ: ഡിസംബർ 14ന് ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലെ ‘ഹനുക്ക’ ജൂത പരിപാടിയിൽ 15 പേരെ കൊന്ന തോക്കുധാരികളിലൊരാളെ ചാടി വീണു കീഴ്പ്പെടുത്തിയ തന്റെ വീരോചിതമായ പ്രവൃത്തിയുടെ പിന്നിലെ ലക്ഷ്യം പങ്കുവെച്ച് ബോണ്ടി ഹീറോ അഹമ്മദ് അൽ അഹമ്മദ്. ബി.ബി.സിയുടെ പ്രത്യേക അഭിമുഖത്തിലാണ് തോക്കുധാരിയായ സാജിദ് അക്രത്തെ താൻ നേരിട്ട നിമിഷം അഹമ്മദ് അനുസ്മരിച്ചത്.
സിറിയയിൽ ജനിച്ചു വളർന്ന സിഡ്‌നിയിലെ ഒരു കടയുടമയായ അഹമ്മദ്, രണ്ട് തോക്കുധാരികളിലൊരാളെ പിന്നിൽ നിന്ന് പിടികൂടി അയാളുടെ കൈയിൽ നിന്ന് നീണ്ട തോക്ക് പിടിച്ചുപറിക്കുകയായിരുന്നു. ‘ഞാൻ എന്റെ വലതു കൈകൊണ്ട് അവനെ പിടിച്ച് തോക്ക് താഴെയിടൂ, നിങ്ങൾ ചെയ്യുന്നത് നിർത്തൂ എന്ന് അലറി. നിരപരാധികൾ കൊല്ലപ്പെടാതിരിക്കാൻ അയാളുടെ കൈയിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങുക. ഒരു മനുഷ്യന്റെ ജീവൻ കൊല്ലുന്നത് തടയുക എന്നതായിരുന്നു എന്റെ ലക്ഷ്യ’മെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ എന്തോ ചെയ്യുന്നതായി എനിക്ക് തോന്നി. എന്റെ ശരീരത്തിലെ, തലച്ചോറിലെ ഒരു ശക്തി ചെയ്യിക്കുന്നതായി തോന്നി’ ആ സമയത്ത് കടന്നുപോയ ആന്തരികാവസ്ഥകളെ അഹമ്മദ് വിവരിച്ചു. ‘എന്റെ മുന്നിൽ ആളുകൾ കൊല്ലപ്പെടുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചില്ല. രക്തം കാണാൻ ഞാൻ ആഗ്രഹിച്ചില്ല. തോക്കിന്റെ ശബ്ദം കേൾക്കാൻ ആഗ്രഹിച്ചില്ല. ആളുകൾ യാചിക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്യുന്നത് എനിക്ക് കാണാനാവില്ല. അന്നേരം അങ്ങനെ ചെയ്യാൻ എന്റെ ആത്മാവാണ് എന്നോട് ആവശ്യപ്പെട്ടത്’- അഹ്മദ് പറഞ്ഞു.
രണ്ടാമത്തെ തോക്കുധാരിയിൽ നിന്ന് നിരവധി തവണ വെടിയേറ്റ് ചികിൽസയിൽ കഴിഞ്ഞ അഹമ്മദ്, തന്റെ പ്രവൃത്തി ധാരാളം ആളുകളെ രക്ഷിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെട്ടവരോട് ഇപ്പോഴും സഹതാപം തോന്നുന്നുവെന്നും പറഞ്ഞു. 1996ന് ശേഷമുള്ള ആസ്‌ട്രേലിയയിലെ ഏറ്റവും മാരകമായ കൂട്ട വെടിവപ്പിൽ പതിനഞ്ച് പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ജൂത സമൂഹത്തെ ലക്ഷ്യം വച്ചുള്ള ഒരു ഭീകരാക്രമണമായി പോലീസ് ആക്രമണത്തെ പ്രഖ്യാപിച്ചു.
അഹമ്മദ് കീഴടക്കിയ സാജിദ് അക്രമിനെ പൊലീസ് വെടിവച്ചു കൊന്നു. ആക്രമണത്തിനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റൊരു തോക്കുധാരിയായ നവീദിനെതിരെ 15 കൊലപാതക കുറ്റങ്ങളും ഒരു തീവ്രവാദ ആക്രമണവും ഉൾപ്പെടെ 59 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.