ടൊറന്റോ: കടുത്ത നെഞ്ചുവേദനയുമായി കാനഡയിലെ ആശുപത്രിയില്‍ എത്തിയ ഇന്ത്യൻ വംശജനായ 44കാരൻ അത്യാഹിത വിഭാഗത്തിൽ ചികിത്സക്കായി എട്ടുമണിക്കൂറിലേറെ കാത്തിരുന്ന് മരിച്ച വാർത്ത നമ്മൾ വായിച്ചത് കഴിഞ്ഞ ദിവസമാണ്. പിതാവിന്‍റെയും ഭാര്യയുടെയും മുന്നിലാണ് വേദന കൊണ്ട് പുളഞ്ഞ് പ്രശാന്ത് ശ്രീകുമാർ മരിച്ചുവീണത്. മണിക്കൂറുകൾ നെഞ്ചുവേദനയുമായി കാത്തിരിക്കുമ്പോൾ രക്തസമ്മർദനം പരിശോധിക്കുകയും വേദനസംഹാരി നൽകുകയും ചെയ്തത് മാത്രമായിരുന്നു എഡ്മണ്ടനിലെ ആശുപത്രിയിൽനിന്നും ലഭിച്ച ചികിത്സ. ഈ സംഭവം കാനഡ അടക്കം രാജ്യങ്ങളിലെ ആരോഗ്യരംഗത്തെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്.
പ്രശാന്ത് ശ്രീകുമാറിന്‍റെ മരണം കാനഡയിലെ അടിയന്തര പരിചരണ വിഭാഗത്തിന്‍റെ ഗുരുതര പരാജയത്തെക്കുറിച്ച് ചോദ്യങ്ങളുയർത്തിയിരിക്കുന്നു. വർഷങ്ങളായി, കാനഡയിലുടനീളമുള്ള ആശുപത്രികളിലെ എമർജൻസി വിഭാഗത്തിലെ കാത്തിരിപ്പ് സമയം വർധിച്ചുവരുന്നതായി സർവേകൾ ചൂണ്ടിക്കാട്ടുന്നു. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ അടുത്തിടെ നടത്തിയ പഠനമനുസരിച്ച്, 5.9 ദശലക്ഷത്തിലധികം മുതിർന്നവർ (അഞ്ചിൽ ഒരാൾക്ക്) ക്ലിനിക്കുകൾ, ഫാമിലി ഫിസിഷ്യൻമാർ, നഴ്‌സ് പ്രാക്ടീഷണർമാർ തുടങ്ങിയ സാധാരണ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കാനാകുന്നില്ല. ഏകദേശം 36.9 ശതമാനം ആളുകൾക്കേ 24 മണിക്കൂറിനുള്ളിൽ അടിയന്തര അപ്പോയിന്റ്മെന്റ് ലഭിക്കുന്നുള്ളൂ എന്നും ഇതേ പഠനം കണ്ടെത്തി. അടിയന്തര അപ്പോയിന്റ്മെന്റ് ലഭിക്കാൻ ശ്രമിച്ചവരിൽ 22.8 ശതമാനം പേർക്ക് രണ്ടോ അതിലധികമോ ആഴ്ചയാണ് കാത്തിരിക്കേണ്ടി വന്നത്.
ഗുരുതര പരിക്ക്, പക്ഷാഘാതം, ഹൃദയാഘാതം എന്നവയെല്ലാം സംഭവിച്ചാൽ ‘ഗോൾഡൻ അവർ’ ഏറെ പ്രധാനമാണല്ലോ. ഈ സമയത്ത് സമയബന്ധിതമായ മെഡിക്കൽ ഇടപെടൽ ജീവൻ രക്ഷിക്കുന്നതിനും സങ്കീർണത തടയുന്നതിനും പൂർണമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനുമുള്ള സാധ്യതകൾ വർധിപ്പിക്കും. പ്രശാന്ത് ശ്രീകുമാറിന്‍റെ കേസിൽ എട്ട് മണിക്കൂർ നീണ്ട കാത്തിരിപ്പ് കാനഡയുടെ അടിയന്തര പരിചരണ രംഗത്തെ പരാജയമാണ് കാണിക്കുന്നത്.
1984 ലെ കാനഡ ഹെൽത്ത് ആക്ട് എല്ലാ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും ആശുപത്രി, ഡോക്ടർ സേവനങ്ങളെല്ലാം പ്രദാനം ചെയ്യുന്നതാമ്. കനേഡിയൻമാരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങളുടെ ഏകദേശം 70 ശതമാനം ഇത് ഉൾക്കൊള്ളുന്നു. ദന്തചികിത്സ, നേത്ര പരിചരണം, സൈക്കോതെറാപ്പി തുടങ്ങിയ ബാക്കി 30 ശതമാനം സ്വകാര്യ ഓപ്പറേറ്റർമാരാണ് നൽകുന്നത്. എന്നാൽ ജനുവരിയിൽ പുറത്തിറങ്ങിയ ഫെഡറൽ സർക്കാറിന്‍റെ റിപ്പോർട്ട് കാനഡയുടെ തൊഴിൽ വിപണിയിൽ ഏകദേശം 23,000 കുടുംബ ഡോക്ടർമാരുടെ കുറവുണ്ടെന്നാണ് കണ്ടെത്തിയത്. ഈ വിടവ് നികത്താൻ നിലവിലെ ഫാമിലി ഫിസിഷ്യൻമാരുടെ എണ്ണത്തിൽ 49 ശതമാനം വർധന ഉണ്ടാകേണ്ടത് ആവശ്യമാണ്.
തലസ്ഥാനമായ ഒട്ടാവയിൽ മാത്രം 28,000 രജിസ്റ്റേർഡ് നഴ്‌സുമാരെയും 14,000 ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്‌സുമാരെയും 2,700 നഴ്‌സ് പ്രാക്ടീഷണർമാരെയും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ തുടങ്ങിയ ആയിരക്കണക്കിന് ആരോഗ്യ വിദഗ്ധരെയും ആവശ്യമുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് അനുസരിച്ച് രാജ്യം നഴ്‌സുമാരുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണ്. 2024 ലെ രണ്ടാം പാദത്തിൽ 42,045 നഴ്‌സിങ് ഒഴിവുകളുണ്ടായിരുന്നു.
മാത്രമല്ല, കാനഡയിൽ 1,000 ജനസംഖ്യയിൽ 2.8 പ്രാക്ടീസിങ് ഫിസിഷ്യൻമാർ മാത്രമേയുള്ളൂ. ഇത് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റിന്‍റെ ശരാശരിയായ 1,000 ന് 3.7 നേക്കാൾ വളരെ താഴെയാണ്. ഇതാണ് കാനഡയിൽ സ്പെഷ്യലിസ്റ്റ് അപ്പോയിന്റ്‌മെന്റുകൾക്കായുള്ള ശരാശരി കാത്തിരിപ്പ് സമയം നീണ്ടുപോകുന്നതിന് കാരണമാകുന്നത്. പലർക്കും ഒരു സ്പെഷ്യലിസ്റ്റ് അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.