ദക്ഷിണ കൊറിയയിൽ തകർന്ന വിമാനത്തിന്റെ എൻജിനുകളിൽ തൂവലുകളും രക്തക്കറയും

സിയോൾ: ഡിസംബറിൽ ദക്ഷിണ കൊറിയയിൽ തകർന്ന് 179 പേരുടെ മരണത്തിനിടയാക്കിയ യാത്രാവിമാനത്തിൽ പക്ഷി ഇടിച്ചതിൻ്റെ തെളിവുകൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ. ജെജു എയർ വിമാനത്തിന്റെ രണ്ട് എൻജിനുകളിൽ തൂവലുകളും രക്തക്കറകളും കണ്ടെത്തി. വലിയ കൂട്ടമായി പറക്കുന്ന ഒരു തരം ദേശാടന താറാവിൽനിന്നുള്ളതാണ് ഇവയെന്ന് തിങ്കളാഴ്ച പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ദക്ഷിണ കൊറിയൻ മണ്ണിലെ ഏറ്റവും മാരകമായ വിമാനാപകടങ്ങളിലൊന്നിലേക്ക് നയിച്ചതിന്റെ പ്രാഥമിക കാരണം പക്ഷിയുടെ ഇടിയാണെന്ന സൂചനയാണിത്. ബോയിങ് 737-800ന്റെ എൻജിനുകൾ പൊളിക്കുമെന്നും വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ഇടിച്ചു തകർന്ന റൺവേയുടെ അറ്റത്തുള്ള കോൺക്രീറ്റ് ഘടനയിലും കൂടുതൽ പരിശോധന നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡിസംബർ 29ന് രാവിലെ ബാങ്കോക്കിൽ നിന്ന് രാജ്യത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്നു ജെജു എയർ വിമാനം. പ്രാദേശിക സമയം 8.57ന്, പൈലറ്റുമാർ വിമാനത്താവളവുമായി സമ്പർക്കം പുലർത്തി മൂന്ന് മിനിറ്റിനുശേഷം പക്ഷി കൂട്ടിയിടിയിൽ ജാഗ്രത പാലിക്കാൻ കൺട്രോൾ ടവർ ജീവനക്കാരോട് നിർദേശിച്ചു. തൊട്ടുപിന്നാലെ 8.59ന് വിമാനം ഒരു പക്ഷിയെ ഇടിച്ചതായി പൈലറ്റ് അറിയിച്ചു. തുടർന്ന് പൈലറ്റ് എതിർദിശയിൽനിന്ന് ലാൻഡ് ചെയ്യാൻ അനുമതി തേടി. ഈ സമയത്ത് ലാർഡിങ് എയർ വിന്യസിക്കാതെ തന്നെ അത് ബെല്ലി ലാൻഡ് ചെയ്തു. റൺവേ മറികടന്ന് കോൺക്രീറ്റ് ഘടനയിൽ ഇടിച്ച ശേഷം  പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

അപകടത്തിൽ ഉൾപ്പെട്ട അതേ തരത്തിലുള്ള വിമാനങ്ങൾ പറത്തിയ വിദഗ്ധരും റൺവേയുടെ അറ്റത്തുള്ള കോൺക്രീറ്റ് തടസ്സങ്ങളുടെ സാന്നിധ്യത്തെ ചോദ്യം ചെയ്തിട്ടുണ്ട്. കോൺക്രീറ്റ് ഘടനയിൽ ഒരു നാവിഗേഷൻ സംവിധാനമുണ്ടാവും. ‘ലോക്കലൈസർ’ എന്നറിയപ്പെടുന്ന ഇത് വിമാനം ഇറങ്ങുന്നതിന് സഹായിക്കുന്നു. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും വിദേശത്തും ഈ സംവിധാനം കാണാമെന്ന് ദക്ഷിണ കൊറിയൻ ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു.

ഈ അപകടത്തിനു പിന്നാലെ ഏഴു വിമാനത്താവളങ്ങളിൽ നാവിഗേഷനുപയോഗിക്കുന്ന കോൺക്രീറ്റ് തടസ്സങ്ങൾ മാറ്റുമെന്ന് കഴിഞ്ഞയാഴ്ച അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജൻസിക്കും അമേരിക്ക, ഫ്രാൻസ്, തായ്‌ലൻഡ് അധികൃതർക്കും പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Jeju Air: Bird feathers found in engines of crashed South Korean jet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.