ടോക്കിയോ: വളർച്ചയുള്ളതും വൈവിധ്യപൂർണവുമായ ജനസംഖ്യയുമായി പാരമ്പര്യങ്ങളെ സന്തുലിതമാക്കിയിരുന്ന രാജ്യമായിരുന്നു ജപ്പാൻ. എന്നാൽ, തീവ്ര വലതുപക്ഷക്കാരിയായ സനേ തകായിച്ചി അധികാരത്തിൽ വന്നതോടെ അതിന്റെ പാരമ്പര്യം അതിവേഗം മാറുകയാണ്.
കടുത്ത തോതിലുള്ള നിയന്ത്രണങ്ങൾക്കു കീഴിലേക്ക് നയിക്കപ്പെടുകയാണ് ജപ്പാനിലെ മൂന്നു ലക്ഷത്തോളം വരുന്ന മുസ്‍ലിംകൾ. മുസ്‍ലിംകളുടെ വിശ്വാസമനുസരിച്ച് മൃതദേഹം മറവു ചെയ്യുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് സർക്കാർ.
ബുദ്ധ, ഷിന്റോ പാരമ്പര്യങ്ങളിൽ മരിച്ചവരിൽ 99ശതമാനം പേരെയും ദഹിപ്പിക്കുന്ന ജപ്പാനിൽ, മുസ്‍ലിം ശ്മശാന സ്ഥലങ്ങൾ വികസിപ്പിക്കാനുള്ള അഭ്യർഥനകൾ പാർലമെന്ററി സമ്മേളനത്തിൽ യാഥാസ്ഥിതിക പാർട്ടിയിൽ നിന്നുള്ള എം.പിയായ മിസുഹോ ഉമെമുറ നിരസിക്കുകയുണ്ടായി. യൂറോപ്യൻ, യു.എസ് അനുഭവങ്ങളിൽ നിന്ന് കടംകൊണ്ട് ദഹിപ്പിക്കുന്ന ശവസംസ്കാരം സ്വീകരിക്കാനോ അവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കാനോ അവർ നിർദേശിച്ചു. എന്നാൽ, ഇസ്‍ലാമിക വിശ്വാസം മൃതദേഹങ്ങൾ കത്തിക്കുന്ന ശവ സംസ്കാരം വിലക്കുന്നു.
ലോകത്തുനീളമുള്ള തീവ്ര വലതുപക്ഷ അനുകൂലികളുടെ പട്ടികയിലേക്ക് ജപ്പാനെ കൊണ്ടുനിർത്തിയ പുതിയ ഭരണകൂടം രാജ്യത്തെ വിശാലതയിൽ നിന്നും പിരിമുറുക്കങ്ങളിലേക്കു നയിക്കുകയാണെന്നാണ് നിരീക്ഷകർ പറയുന്നത്.
മുസ്‍ലിംകളുടെ സംസ്കാര വിലക്കിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ‘ജപ്പാൻ ഒരു കടുത്ത രേഖ വരക്കുന്നു. ആർക്കും വേണ്ടിയും, ആഗോള സമ്മർദ്ദത്തിനു മുന്നിൽ പോലും തങ്ങളുടെ സംസ്കാരം തിരുത്തിയെഴുതാത്ത രാഷ്ട്രം. തങ്ങളുടെ കാതലായ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത രാജ്യം. അത് വ്യക്തവും ക്ഷമാപണമില്ലാത്തതുമായ ഒരു ചുവപ്പ് രേഖ വരച്ചിരിക്കുന്നു’ എന്ന് ഒരു സമൂഹ മാധ്യമ ഉപയോക്താവ് ചൂണ്ടിക്കാട്ടി.
ആഗോള കുടിയേറ്റത്തെ ഉൾക്കൊള്ളുന്നതിനായി മിക്ക സർക്കാറുകളും സാംസ്കാരിക മാനദണ്ഡങ്ങൾ കൂടുതൽ വഴക്കമുള്ളതാക്കുകയും ക്രമീകരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു ലോകത്ത് ജപ്പാൻ നേരെ വിപരീതമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.