പതിറ്റാണ്ടുകളായി ഇസ്രയേൽ തടവിൽ കഴിയുന്ന ഫലസ്തീനിയൻ നോവലിസ്റ്റിന് അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം

അബുദാബി: രണ്ട് പതിറ്റാണ്ടായി ഇസ്രായേലിന്റെ തടവിൽ കഴിയുന്ന ഫലസ്തീനിയൻ എഴുത്തുകാരൻ ബാസിം ഖന്ദഖ്ജിക്ക് അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം. 'എ മാസ്ക്, ദ കളർ ഓഫ് ദ സ്കൈ' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. നോവലിന്റെ പ്രസാധകരായ ഡർ അൽ അദബിന്റെ ഉടമ റാണ ഇദ്രീസ് ആണ് ഖന്ദഖ്ജിക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. അബുദാബിയിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

റാമല്ലയിലെ അഭയാർത്ഥി കാമ്പിൽ താമസിക്കുന്ന പുരാവസ്തു ​ഗവേഷകനായ നൂർ എന്ന വ്യക്തിക്ക് ഇസ്രായേൽ സ്വദേശിയുടെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ലഭിക്കുന്ന നീല നിറത്തിലുള്ള തിരിച്ചറിയൽ കാർഡിനെ ആസ്പദമാക്കിയാണ് ഖന്ദഖ്ജി എ മാസ്ക്, ദ കളർ ഓഫ് ദ സ്കൈ എന്ന നോവൽ രചിച്ചിരിക്കുന്നത്. താൻ ഇസ്രായേലി പൗരനാണെന്ന് നടിച്ച് അധിനിവേശ വെസ്റ്റ് ബാങ്കിലെ ഉദ്ഖനനം ചെയ്യപ്പെട്ട സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി നൂർ ഈ തിരിച്ചറിയൽ കാർഡ് ഉപയോ​ഗിക്കുന്നു. വെസ്റ്റ് ബാങ്കിൽ ഇസ്രായേലി പൗരനായും ഫലസ്തീനി പൗരനായും ദൈനംദിന ജീവിതത്തിൽ നൂർ കടന്നുപോകുന്നു മാനസിക പിരിമുറുക്കങ്ങളെയും നോവൽ ചർച്ച ചെയ്യുന്നുണ്ട്.

വംശീയത, വംശഹത്യ, കുടിയിറക്കൽ, വിഭജിക്കപ്പെട്ട കുടുംബ ബന്ധങ്ങൾ എന്നിവയുടെ കയ്പേറിയ യാഥാർത്ഥ്യത്തെ തുറന്നുകാട്ടുകയാണ് നോവലെന്നായിരുന്നു ജൂറിയായ നബീൽ സുലൈമാന്റെ പരാമർശം. 133 പുസ്തകങ്ങളാണ് അറബ് സാഹിത്യപുരസ്കാരത്തിനായി മത്സരിച്ചത്.

1983ൽ ഫലസ്തീനിലെ നബ്ലസിലായിരുന്നു ബാസിം ഖന്ദഖ്ജിയുടെ ജനനം. നബ്ലസിലെ അൽ-നജാ നാഷണൽ യൂണിവേഴ്സിറ്റിയിൽ ജേർണലിസവും മീഡിയയും പഠിച്ചു. പഠന കാലത്ത് ചെറുകഥകളും എഴുതി. 20 വർഷങ്ങൾക്ക് മുൻപ് 21കാരനായ ഖന്ദഖ്ജി ഇസ്രായേൽ സൈന്യത്തിന്റെ തടവിലകപ്പെട്ടു. ടെൽ അവീവിലെ ബോംബാക്രമണവുമായി ബന്ധമുണ്ടെന്നു ആരോപിച്ചായിരുന്നു നടപടി. ജയിലിനുള്ളിൽ നിന്ന് തന്നെ അൽ ഖുദ്സ് സർവകലാശാലയിൽ നിന്നും ഓൺലൈനായി അദ്ദേഹം പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ഇസ്രായേലി സ്റ്റഡീസ് എന്ന വിഷയത്തിൽ അദ്ദേഹം പ്രബന്ധവും തയ്യാറാക്കിയിരുന്നു. സാഹിത്യം, രാഷ്ട്രീയം, ഫലസ്തീനികളായ സ്ത്രീ ആക്ടിവിസ്റ്റുകൾ എന്നീ വിഷയത്തിൽ ഖന്ദഖ്ജി ലേഖനങ്ങൾ എവുതി. ജയിലിലാക്കപ്പെട്ടതിന് ശേഷം നോവലുകളിലും നിരവധി കവിതകളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 2023ലാണ് പുരസ്കാരത്തിന് അർഹമായ എ മാസ്ക്, ദ കളർ ഓഫ് സ്കൈ എന്ന നോവൽ രചിക്കുന്നത്.

ഫെബ്രുവരിയിൽ അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടിക പ്രഖ്യാപിക്കുന്നതിനിടെ ചരിത്രത്തിൽ ആദ്യമായാണ് ഇസ്രായേൽ തടവിലാക്കപ്പെട്ട എഴുത്തുകാരൻ കുറിച്ചുവെച്ച വാക്കുകൾ ചുവരുകൾ ഭേദിച്ച് പുറത്തെ വായനക്കാരിലേക്കെത്തുന്നത് എന്ന് ട്രസ്റ്റി ബോർഡ് ചെയർ പ്രൊഫസർ യാസിർ സുലൈമാൻ പറഞ്ഞിരുന്നു.

തടവിലാക്കപ്പെട്ടതിനു ശേഷം 'റിച്വൽസ് ഓഫ് ദ ഫസ്റ്റ് ടൈം', 'ദ ബ്രെത്ത് ഓഫ് എ നൊക്ടേണൽ പോം' എന്നീ കവിതാസമാഹാരങ്ങളും ഖൻദാഖ്ജി രചിച്ചിരുന്നു.

Tags:    
News Summary - Jailed Palestinian author Basim Khandaqji wins prestigious Arabic fiction award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.