തെൽഅവീവ്: “ഈ യുദ്ധം അവസാനിപ്പിക്കണം. ഏകദേശം ഒന്നര ആഴ്ചയായി, ഇനി മതിയാക്കൂ... ഹൂത്തികൾ ഞങ്ങളെ ആക്രമിക്കുമ്പോൾ, ഞങ്ങൾ കിടന്നുറങ്ങിയിരുന്നു. അതിത്ര ഭയാനകമായിരുന്നില്ല. പക്ഷേ, ഇപ്പോൾ കെട്ടിടങ്ങൾ തകർന്നുവീഴുകയാണ്. അടുത്തത് ഞാനായിരിക്കാം എന്നാണ് ഓരോരുത്തരും വിചാരിക്കുന്നത്’ -തെൽഅവീവിലെ ഒരു വിനോദ സ്ഥാപനത്തിന്റെ സി.എഫ്.ഒ ലിയാറ്റ് പറഞ്ഞു.
യെമനിലെ ഹൂത്തി വിമതരിൽ നിന്നും ഗസ്സയിലെ ഹമാസിൽനിന്നും വ്യത്യസ്തമായി, മിസൈലുകളുള്ള രാഷ്ട്രമാണ് ഇറാൻ എന്നും അവർ ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
ജൂൺ 13ന് ഇസ്രായേൽ ഇറാനിൽ നൂറുകണക്കിന് മിസൈലുകളും ബോംബുകളും വർഷിച്ചതാണ് ആക്രമണത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ മാരക പ്രഹരശേഷിയുള്ള മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ശക്തമായി തിരിച്ചടിച്ചു. ഇപ്പോൾ രണ്ടാഴ്ചയായിട്ടും യുദ്ധത്തിന് പൂർണമായ വിരാമമായിട്ടില്ല. ഇറാൻ ആണവായുധ ശേഷി കൈവരിക്കുന്നത് തടയാനെന്ന പേരിലാണ് ഇസ്രായേൽ ആക്രമണത്തിന് തുടക്കമിട്ടത്. പിന്നാലെ, അമേരിക്കയും ഇസ്രായേലിന്റെ സഹായത്തിനെത്തി ഇറാനിൽ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചു. ഇതിന് ഖൈബർ -നാല് (ഖുർറം ഷഹർ-4) എന്ന അതിമാരക ശേഷിയുള്ള മിസൈൽ ഉപയോഗിച്ചാണ് ഇറാൻ തെൽഅവീവിന് മറുപടി നൽകിയത്. കൂടാതെ, ഖത്തറിലുള്ള അമേരിക്കയുടെ ഉദൈദ് വ്യോമതാവളവും ഇറാൻ ആക്രമിച്ചു.
ഇറാന്റെ ആക്രമണങ്ങളിൽ ഇസ്രായേലിൽ 24 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് മാത്രം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിന്റെ ഭയാനകത തങ്ങൾ അനുഭവിക്കുകയാണെന്നും ഉടൻ അവസാനിപ്പിക്കണമെന്നും ഞായറാഴ്ച ഖൈബർ -നാല് മിസൈൽ സർവനാശം വിതച്ച തെൽഅവീവിനടുത്ത റാമത്ത് അവീവിലെ ഇസ്രായേൽ പൗരൻമാർ പറയുന്നു. ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ ആക്രമണമാണ് ഞായറാഴ്ച ഇവിടെ നടന്നത്. ഇസ്രായേലിലുടനീളം 10 സ്ഥലങ്ങളിലാണ് ഖൈബർ മിസൈൽ പതിച്ചത്.
ഇറാനിയൻ മിസൈലുകൾ പതിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും റാമത്ത് അവീവിലെ അപ്പാർട്ട്മെന്റ് ബ്ലോക്കിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ നീക്കംചെയ്ത് പൂർത്തിയായിട്ടില്ല. ചിലർ കെട്ടിടങ്ങൾ തകർന്ന സ്ഥലത്തിന് മുന്നിൽനിന്ന് സെൽഫികൾ എടുക്കുന്നുമുണ്ടായിരുന്നു. “ഈ ദിവസത്തിന് വളരെ ദൈർഘ്യമേറിയത് പോലെ തോന്നുന്നു. ഒരു ദിവസം മൂന്നോ നാലോ തവണ ബങ്കറിൽ പോകണം. സാധാരണ ജീവിതം ആസ്വദിക്കാൻ പതിവ് ജീവിതത്തിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹം’ -ലിയാറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.