റോം: ഇറ്റാലിയൻ തീരത്ത് ബോട്ടപകടത്തിൽ മരിച്ച അഭയാർഥികളുടെ എണ്ണം 61 ആയി. ഇതിൽ 12 പേർ കുട്ടികളും 33 പേർ സ്ത്രീകളുമാണ്. പിഞ്ചുകുഞ്ഞും മരിച്ചവരിൽ ഉൾപ്പെടും. ഇറ്റലിയിലെ ദക്ഷിണ കലരബിയ മേഖലയിലാണ് അപകടം. ബോട്ടിന്റെ മര അവശിഷ്ടങ്ങൾ സ്‌റ്റെക്കാറ്റോ ഡി ക്യൂട്രോയിലെ തീരത്തടിഞ്ഞു.
ആളധികമായതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. ബോട്ടിൽ 200ലേറെ പേർ ഉണ്ടായിരുന്നതായി രക്ഷാപ്രവർത്തകർ എ.എഫ്.പി വാർത്താ ഏജൻസിയോട് പറഞ്ഞു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. തുർക്കിയ തീരത്തുനിന്നാണ് ഇവർ ബോട്ടിൽ പുറപ്പെട്ടത്. ദുരന്തപശ്ചാത്തലത്തിൽ ഇറ്റലിയിലെ വലതുപക്ഷ ഭരണകൂടം കുടിയേറ്റത്തിനെതിരെ പ്രതികരിച്ചു.
ബോട്ടുകളിലെ അനധികൃത കുടിയേറ്റം തടയുമെന്നും യൂറോപ്യൻ യൂനിയൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലൊനി പറഞ്ഞു. അതിനിടെ ഇറ്റലി രക്ഷാപ്രവർത്തന സംവിധാനങ്ങൾ വെട്ടിക്കുറച്ചതിന്റെ കൂടി ഫലമാണ് ഇത്ര വലിയ ദുരന്തമെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.