പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ചതിനു പിന്നാലെ കടുത്ത സൈബർ ആക്രമണങ്ങൾക്കിരയായ നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലയെങ്ങ് തന്‍റെ ചോദ്യവുമായി ബന്ധപ്പെട്ട വിശദീകരണം നടത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലൊന്നായ നോർവേയുടെ ജനാധിപത്യ മൂല്യങ്ങളിൽ ഊന്നിയാണ് താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ചതെന്ന് ഹെല്ലെ ലയെങ്ങ് വ്യക്തമാക്കി.
നോർവീജിയൻ പത്രമായ ദാഗ്സാവിസനിൽ എഴുതിയ ലേഖനത്തിലൂടെയാണ് അവർ തന്‍റെ നിലപാട് വ്യക്തമാക്കിയത്.സന്ദർശനത്തിനെത്തുന്ന വിദേശ ഭരണാധികാരികളോട് ഉൾപ്പെടെ ജനാധിപത്യ സമൂഹങ്ങളിൽ മാധ്യമപ്രവർത്തകർക്ക് പരസ്യമായി ചോദ്യങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. വിദേശ നേതാക്കൾക്ക് ഒരു രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിബന്ധനകൾ നിശ്ചയിക്കാൻ അവകാശമില്ലെന്നും അവർ കൂട്ടിച്ചേർത്തു. അധികാരത്തിലുള്ളവരിൽ നിന്ന് കേവലം പ്രസ്താവനകൾ ഏറ്റുവാങ്ങുന്നതിന് പകരം അവരെ ചോദ്യം ചെയ്യുകയാണ് ഒരു മാധ്യമപ്രവർത്തകന്റെ ധർമ്മമെന്നും അവർ ചൂണ്ടിക്കാട്ടി.
ചോദ്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത ആക്രമണമാണ് ഹെല്ലെ ലയെങ്ങ് നേരിട്ടത്. മാധ്യമപ്രവർത്തനം ചിലപ്പോൾ മുഖാമുഖം എതിരിടുന്ന ഒന്നാണ്. ഞങ്ങൾ ഉത്തരങ്ങളാണ് തേടുന്നത്. അധികാരത്തിലുള്ള ഒരു വ്യക്തി താൻ ചോദിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകുന്നില്ലെങ്കിൽ, അവരെ തടസ്സപ്പെടുത്തിക്കൊണ്ട് കൂടുതൽ വ്യക്തതയുള്ള മറുപടി വാങ്ങാൻ ശ്രമിക്കും. അത് എന്റെ ജോലിയും കടമയുമാണെന്ന് ഹെല്ലെ ലയെങ്ങ് തന്‍റെ പ്രസ്താവനയിൽ പറഞ്ഞു. താൻ ഏതെങ്കിലും വിദേശ സർക്കാരിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ഓൺലൈൻ പ്രചാരണങ്ങളെ അവർ ശക്തമായി നിഷേധിച്ചു. താൻ ഒരു തരത്തിലുള്ള വിദേശ ചാരയുമല്ലെന്ന് അവർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചിരുന്നില്ലെങ്കിലും പിന്നീട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിൽ ഹെല്ലെ ലയെങ്ങിനെ ക്ഷണിച്ചിരുന്നു. ഇന്ത്യയുടെ മനുഷ്യാവകാശത്തെയും വിശ്യാസ്യതയെയും കുറിച്ചുള്ള ഹെല്ലെയുടെ ചോദ്യങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ് മറുപടി നൽകിയെങ്കിലും അവിടെയും തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഹെല്ലെ സിബി ജോർജിന്‍റെ മറുപടികൾക്ക് കാത്തു നിൽക്കാതെ ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാൽ താൻ ഒരു കപ്പ് വെള്ളെമെടുക്കാന് മാത്രമാണ് പോയതെന്നാണ് ഹെല്ലെ പറഞ്ഞത്.
നോർവേയിലുണ്ടായ ഈ സംഭവം ഇന്ത്യയിലും വലിയ ചർച്ചകൾക്ക് വഴിതുറന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി രംഗത്തെത്തി. ഒളിക്കാൻ ഒന്നുമില്ലാത്തവർക്ക് ഒന്നിനെയും ഭയപ്പെടാനില്ലെന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. എന്നാൽ, പ്രധാനമന്ത്രിയെ പ്രതിരോധിച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. സംയുക്ത വാർത്താസമ്മേളനത്തിൽ നോർവീജിയൻ പ്രധാനമന്ത്രിയും ചോദ്യങ്ങൾക്കൊന്നും മറുപടി നൽകിയിരുന്നില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ ഈ വാദത്തെയും ഹെല്ലെ ലയെങ്ങ് തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.