ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്ന ഗസ്സ
ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തൽ നിലനിൽക്കേ, പുതിയ ആക്രമണങ്ങൾ നടത്തുകയും അടിയന്തര സഹായ ലഭ്യത തടസ്സപ്പെടുത്തുയും ചെയ്ത് ഇസ്രായേൽ വംശഹത്യ തുടരുകയാണെന്ന് മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷനൽ.
ഏഴ് ആഴ്ചക്കുള്ളിൽ 500ലധികം തവണ ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചു. വ്യാഴാഴ്ച തെക്കൻ ഗസ്സയിലും മധ്യ ഗസ്സയിലും ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ആംനസ്റ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം.
വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ സൈന്യത്തിന് നിശ്ചയിച്ച മഞ്ഞ രേഖ കടന്നും ആക്രമണം നടത്തിയെന്ന് സംഘടന ആരോപിച്ചു.
കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേൽ തയാറാകുന്നതിന്റെ ലക്ഷണമൊന്നുമില്ലെന്ന് ആംനസ്റ്റി ഇന്റർനാഷനൽ ജനറൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമാർഡ് പറഞ്ഞു. മാനുഷിക സഹായങ്ങളും അവശ്യ സേവനങ്ങളും നിയന്ത്രിച്ചും ഗസ്സയിലെ ഫലസ്തീനികളെ ശാരീരികമായി തകർക്കുകയെന്ന ലക്ഷ്യത്തോടെ ബോധപൂർവം നിബന്ധനകൾ ചുമത്തിയും ദയാരഹിത നയങ്ങൾ ഇസ്രായേൽ തുടരുകയാണ്.
ലോകത്തെ വിഡ്ഡികളാക്കരുതെന്നും അവർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ മധ്യ ഗസ്സയില ബുറെയ്ജ് ക്യാമ്പിലും കിഴക്കൻ യൂനിസിലുമാണ് ഇസ്രായേൽ ആക്രമണമുണ്ടായത്.
ഏഴ് ആഴ്ചക്കിടയിലുണ്ടായ വെടിനിർത്തൽ കരാർ ലംഘനങ്ങളിലൂടെ 347 ഫലസ്തീനികളെയാണ് കൊല്ലപ്പെടുത്തിയത്. 889പേർക്കെങ്കിലും പരിക്കേറ്റു. രണ്ടു വർഷം പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ വംശഹത്യയിൽ 70,000ത്തോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.