സുഫിയാൻ തായിഹ്
ഗസ്സ: വടക്കുകിഴക്കൻ ഗസ്സയിലെ ജബലിയയിലെ അൽ-ഫലൂജ മേഖലയിൽ നടന്ന വ്യോമാക്രമണത്തിൽ പ്രമുഖ ഫലസ്തീൻ ശാസ്ത്രജ്ഞനും ഗസ്സയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ അധ്യക്ഷനുമായ സുഫിയാൻ തായിഹും കുടുംബവും കൊല്ലപ്പെട്ടു. ശനിയാഴ്ച ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സുഫിയാൻ തായിഹും കുടുംബവും ഉൾപ്പെടെ 100 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
2021ൽ ലോകത്തെ ഏറ്റവും മികച്ച രണ്ട് ശതമാനം ഗവേഷകരിൽ ഒരാളായി അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. യുവ അറബ് ശാസ്ത്രജ്ഞർക്കുള്ള അബ്ദുൾ ഹമീദ് ഷോമൻ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2023ൽ ഫലസ്തീനിലെ ഭൗതിക, ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്രങ്ങളുടെ ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടന മേധാവിയായും സുഫിയാൻ നിയമിക്കപ്പെട്ടിരുന്നു.
ഹമാസും ഇസ്രായേലും തമ്മിലുള്ള ഒരാഴ്ചത്തെ വെടിനിർത്തൽ അവസാനിച്ചത് വെള്ളിയാഴ്ച രാവിലെ ഏഴിനാണ്. വെടിനിർത്തൽ സമയപരിധി അവസാനിച്ചതിന്‍റെ അടുത്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇസ്രായേൽ വിവിധയിടങ്ങളിൽ ആക്രമണം നടത്തുകയായിരുന്നു. രണ്ടുദിവസത്തേക്കുകൂടി വെടിനിർത്തൽ നീട്ടാൻ ഖത്തറും ഈജിപ്തും ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ചർച്ചകളിൽ സമ്പൂർണ വെടിനിർത്തലിന് ഹമാസ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഇസ്രായേൽ തയാറല്ലെന്നാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.