കൊല്ലപ്പെട്ട സൈനികൻ, ഇറാന്റെ മിസൈൽ ആക്രമണത്തിൽ തീപിടിച്ച ഹൈഫാ ഓയിൽ റിഫൈനറി

ലബനാനിൽ ഹിസ്ബുല്ല ആക്രമണം; 19 വയസുള്ള ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു

തെൽ അവീവ്: ലബനനിൽ ഹിസ്ബുല്ല നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടതായും നാല് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായേൽ സൈന്യം (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. ലബനാനിൽ ആക്രമണം നടത്തിയതിനോടൊപ്പം ഇറാനും ഹിസ്ബുല്ലയും സംയുക്തമായി ഇസ്രായേലിലെ ഹൈഫയിലുള്ള പ്രധാന എണ്ണ ശുദ്ധീകരണ ശാലക്ക് നേരെയും ആക്രമണം നടത്തി. ആക്രമണത്തിൽ എണ്ണ ശുദ്ധീകരണ ശാലയിൽ വൻ തീപിടുത്തമുണ്ടായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹോളോൺ സ്വദേശിയായ 19 വയസ്സുകാരൻ സെർജന്റ് ലിറാൻ ബെൻ സിയോൺ ആണ് ഇറാന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ 401-ാം ആർമർഡ് ബ്രിഗേഡിലെ അംഗമായിരുന്നു കൊല്ലപ്പെട്ട സിയോൺ. ഞായറാഴ്ച നടന്ന ആക്രമണത്തിൽ ബെൻ സിയോൺ സഞ്ചരിച്ചിരുന്ന ടാങ്കിന് നേരെ ഹിസ്ബുല്ല ടാങ്ക് വിരുദ്ധ മിസൈൽ തൊടുക്കുകയായിരുന്നു. സംഭവത്തിൽ മറ്റൊരു ഓഫീസർക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് (തിങ്കളാഴ്ച) രാവിലെ ഇറാനും ഹിസ്ബുല്ലയും ചേർന്ന് നടത്തിയ ശക്തമായ ആക്രമണത്തിൽ ഇസ്രായേലിലെ ഹൈഫ നഗരത്തിലും പരിസര പ്രദേശങ്ങളിലും മിസൈലുകൾ പതിച്ചു. ഹൈഫയിലെ 'ബാസാൻ' (Bazan) എണ്ണ ശുദ്ധീകരണ ശാലയിലെ ഒരു വ്യവസായ കെട്ടിടത്തിനും ഇന്ധന ടാങ്കറിനും കേടുപാടുകൾ സംഭവിക്കുകയും തീപിടുത്തമുണ്ടാവുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്. എന്നാൽ ഇറാൻ നടത്തിയ ആക്രമണം ഇന്ധന വിതരണത്തെ ബാധിക്കില്ലെന്ന് ഇസ്രായേൽ ഊർജ്ജ മന്ത്രാലയം അറിയിച്ചു.

മാർച്ച് ആദ്യവാരം മുതൽ ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ലബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 1,200-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 28ന് ഇറാനെതിരെ യു.എസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പരമോന്നത നേതാവും കുടുംബവും കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇറാൻ ഇസ്രായേലിലും ഗൾഫ് രാജ്യങ്ങളിലെ യു.എസ സൈനിക കേന്ദ്രങ്ങളിലേക്കും വ്യാപകമായ മിസൈൽ ആക്രമണം തുടരുകയാണ്. ഇതുവരെ യുദ്ധമുഖത്ത് ഇല്ലാതിരുന്ന ഹൂത്തികളും ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Israeli soldier killed at Hezbollah attack in Lebanon massive fire breaks out at Haifa oil refinery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.