ഇസ്രായേലിൽ നെതന്യാഹുവിന് സർക്കാർ രൂപീകരിക്കാനായില്ല; പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് പ്രസിഡന്‍റ്

ജറുസലം: ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ നേതാവ് യായിർ ലാപിഡിനെ ക്ഷണിച്ച് പ്രസിഡന്‍റ് റുവെൻ റിവ് ലിൻ. സഖ്യസർക്കാർ രൂപീകരിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയാണ് പ്രസിഡന്‍റ് ആദ്യം ക്ഷണിച്ചത്. എന്നാൽ, നെതന്യാഹുവിന്‍റെ ലിക്കുഡ് പാർട്ടിക്ക് 28 ദിവസത്തെ സമയപരിധിക്കുള്ളിൽ സർക്കാർ രൂപീകരിക്കാൻ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് യായിർ ലാപിഡിനെ പ്രസിഡന്‍റ് ക്ഷണിച്ചത്.

മുൻ ധനമന്ത്രിയായ യായിർ ലാപിഡിന് 56 എം.പിമാർ പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ട്. നെതന്യാഹുവിനെ മാറ്റിനിർത്തി പുതിയ സർക്കാറിന് രൂപം നൽകാനാണ് ലാപിഡ് അടക്കമുള്ളവരുടെ നീക്കം. സർക്കാർ രൂപീകരണത്തിന് ലാപിഡിന് 28 ദിവസം ലഭിക്കും. 120 അംഗ പാർലമെന്‍റിൽ സർക്കാർ രൂപീകരിക്കാൻ 61 പേരുടെ ഭൂരിപക്ഷമാണ് വേണ്ടത്. മാർച്ച് 23ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 30 സീറ്റ് നേടിയ നെതന്യാഹുവിന്‍റെ ലിക്കുഡ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്.

രണ്ടു വർഷത്തിനിടെ നാലു തെരഞ്ഞെടുപ്പുകളെയാണ് ഇസ്രായേൽ ജനത അഭിമുഖീകരിച്ചത്. 2019 ഏപ്രിൽ, സെപ്റ്റംബർ, 2020 മാർച്ച് മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേതുടർന്ന്​ പ്രധാനമന്ത്രി നെതന്യാഹു ത​​​​ന്‍റെ രാഷ്​ട്രീയ എതിരാളിയും ഇസ്രായേൽ റെസിലിയൻസ് പാർട്ടി നേതാവുമായ ബെന്നി ഗാന്‍റ്​സുമായി ചേർന്ന്​ സഖ്യസർക്കാറിന്​ രൂപം നൽകിയിരുന്നു.

എന്നാൽ, അഭിപ്രായ ഭിന്നതയിൽ ബജറ്റ് പാസാക്കാൻ സാധിക്കാത്തതിനെ തുടർന്ന് നെതന്യാഹുവിന്‍റെ സഖ്യ സർക്കാർ നിലംപതിച്ചു. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് ബെന്നി ഗാന്‍റ്​സ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 2021 ബജറ്റ് ഇപ്പോൾ വേണ്ടെന്ന നിലപാട് നെതന്യാഹു സ്വീകരിച്ചതോടെയാണ് സർക്കാറിന്‍റെ തകർച്ചക്ക് വഴിവെച്ചത്.

അഴിമതി കേസുകളിൽ വിചാരണ​ നേരിടുന്ന നെതന്യാഹുവിനെതിരെ നിരവധി ജനകീയ പ്രക്ഷോഭങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. 

Tags:    
News Summary - Israeli president asks opposition to form govt after Benjamin Netanyahu fails to form coalition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.