ഡോണൾഡ് ട്രംപിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്ത് ബിന്യമിൻ നെതന്യാഹു

വാഷിങ്ടൺ: ഡോണൾഡ് ട്രംപിനെ സമാധാന നൊബേലിനായി നാമനിർദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. നാമനിർദേശത്തിന്റെ പകർപ്പ് വൈറ്റ് ഹൗസിൽ നടന്ന ഡിന്നറിനിടെ നെതന്യാഹു ട്രംപിന് കൈമാറി. അദ്ദേഹം ഒന്നിനെ പിറകെ ഒന്നായി ഒരു മേഖലയിലെ രാജ്യങ്ങളിൽ സമാധാനം കെട്ടിപ്പടുക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു.

നൊബേൽ കമ്മിറ്റിക്ക് മുന്നാകെ താങ്കളെ നാമനിർദേശം ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നു. സമാധാന നൊബേൽ പുരസ്കാരത്തിന് ട്രംപ് അർഹനാണെന്നും നെതന്യാഹു പറഞ്ഞു. സമാധാന നൊബേലിന് ശിപാർശ ചെയ്ത നെതന്യാഹുവിനോട് ട്രംപ് നന്ദി പറഞ്ഞു. വളരെ അർഥപൂർണമായ നടപടിയാണ് നെതന്യാഹുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇസ്രായേലികൾക്ക് വേണ്ടി മാത്രമല്ല ജൂതജനതക്കും ലോകത്തെ എല്ലാവിഭാഗം ആളുകൾക്കും വേണ്ടി താങ്കളുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ബിന്യമിൻ നെതന്യാഹുവും ഭാര്യ സാറയും ദീർഘകാലമായി തന്റെ സുഹൃത്താണെന്ന് ട്രംപ് പറഞ്ഞു. ഞങ്ങൾ വലിയ വിജയം നേടിയിട്ടുണ്ട്. ഇനിയും ഇത്തരം വിജയങ്ങളുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചകൾ നടത്തണമെന്ന ഇറാന്റെ ആവശ്യത്തോട് പോസിറ്റീവായി പ്രതികരിച്ചുവെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള ചർച്ചക്കുള്ള തീയതി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ മിഡിൽ ഈസ്റ്റ് വക്താവ് സ്റ്റീവ് വിറ്റ്കോവ് വൈകാതെ ഇറാനുമായുള്ള ചർച്ചയുണ്ടാകുമെന്നും വ്യക്തമാക്കി.

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ ഉടനടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ കൊല്ലപ്പെടുന്നത് കാണാൻ തനിക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് യുദ്ധം അവസാനിപ്പിക്കാനായി താൻ ഇടപെടുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Israeli PM Benjamin Netanyahu nominates Donald Trump for Nobel Peace Prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.