ഷുഫാത്ത് അഭയാർഥി ക്യാമ്പ് ചെക്ക് പോയിൻറിന് സമീപം ഇസ്രായേൽ സൈനികൻ കൊലപ്പെടുത്തിയ റാമി ഹംദാൻ അൽ ഹൽഹുലി

റാമീ, ​ഇസ്രായേൽ നിന്റെ ചോരയാൽ കുളിച്ചിരിക്കുന്നു; അന്ത്യചുംബനം പോലും അനുവദിക്കാതെ നിന്റെ മയ്യിത്ത് അവർ മോഷ്ടിച്ചിരിക്കുന്നു

വെസ്റ്റ്ബാങ്ക്: ഇസ്രായേൽ സൈനികർ കഴുകൻമാരെപോലെ വട്ടമിട്ട് പറക്കുമ്പോഴും റാമി ഹംദാൻ അൽ ഹൽഹുലി കളിക്കുകയായിരുന്നു. റമദാൻ പിറ ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം തെരുവിൽ പൂത്തിരി കത്തിച്ച് പൊട്ടിച്ചിരിച്ചു. അവൻ കൊളുത്തിയ വർണപടക്കം ആകാശത്ത് പൊട്ടിച്ചിതറുന്നതിനിടെ, പെട്ടെന്നൊരു വെടിയൊച്ച. എല്ലാം നിലച്ചു. ഇസ്രായേൽ സൈനികൻ തൊടുത്ത വെടിയുണ്ട നെഞ്ചിൽ തറച്ച് ആ12കാരൻ പിന്നിലേക്ക് മറിഞ്ഞുവീണു. 


ആളുകൾ ഓടിയടുക്കുമ്പോഴേക്കും ആ ഇളം മയ്യിത്ത് വലിച്ചിഴച്ച് മനുഷ്യപ്പറ്റില്ലാത്ത ഇസ്രാ​യേൽ കിങ്കരന്മാർ അജ്ഞാതകേന്ദ്രത്തിലേക്ക് മറഞ്ഞു. തറാവീഹ് നമസ്കരിച്ച് വന്ന റഹാമി, ഉമ്മയോട് മിഠായിക്ക് പണവും വാങ്ങിയായിരുന്നു പുറത്ത് പോയത്. അതിനിടെയാണ് കൂട്ടുകാരെ കണ്ടതും മിഠായിക്ക് പകരം പൂത്തിരി വാങ്ങിയതും. തൊട്ടടുത്ത നിമിഷം രക്തസാക്ഷ്യവും വരിച്ചു. കൺമുന്നിൽനിന്ന് ഇറങ്ങിപ്പോയ പൊന്നുമോന് അന്ത്യചുംബനം നൽകാൻ ഉപ്പാക്കും ഉമ്മാക്കും മയ്യിത്ത് പോലും ഇസ്രായേൽ വിട്ടുനൽകിയില്ല.


ഇതേക്കുറിച്ച് ഇസ്രായേൽ പൗരനും സംവിധായകനുമായ ഓറി ഗോൾഡ് ബെർഗ് പറഞ്ഞതാണ് യാഥാർഥ്യം: ‘(ഇസ്രായേൽ എന്ന) സിസ്‍റ്റം മൊത്തം റാമിയുടെ ഇളം ചോര പുരണ്ടിരിക്കുന്നു. ആരെയും ഉപദ്രവിക്കാത്ത ആ ബാലനെ അവർ കൊന്നത് ഏതായാലും എന്റെ പേരിലല്ല. എന്റെ പേരുപറഞ്ഞ് ഈ കൊടുംക്രൂരതയെ ന്യായീകരിക്കരുത്. ഈ കുറ്റകൃത്യത്തിന് പ്രേരണ നൽകിയ സംവിധാനം ചീഞ്ഞഴുകിയതും നിരാശാജനകവുമാണ്. എന്റെ ഹൃദയം റാമി ഹംദാന്റെ കുടുംബത്തോടൊപ്പമാണ്’

പോയിന്റ് ബ്ലാങ്കിൽ പിഞ്ചുകുഞ്ഞുങ്ങളെ വെടിവെച്ച് വീഴ്ത്തുക, അവർ പിടഞ്ഞ് മരിക്കുമ്പോൾ വണ്ടിയിലെടുത്തിട്ട് അജ്ഞാത കേന്ദ്രത്തി​ലേക്ക് മാറ്റുക... ലോകത്ത് മുൻമാതൃകയില്ലാത്ത കൊടും ക്രൂരത. അതാണ് ചൊവ്വാഴ്ച രാത്രി ഷുഫാത്ത് അഭയാർഥി ക്യാമ്പ് ചെക്ക് പോയിൻറിന് സമീപം കൊല്ലപ്പെട്ട റാമിയോടും ഇസ്രായേൽ ചെയ്തത്. മയ്യിത്തിന് പിതാവും കുടുംബക്കാരും പിന്നാലെ നടന്നിട്ടും ഇതുവരെ വിട്ടുനൽകിയിട്ടില്ല. മുതിർന്നവരടക്കം 65ലധികം ഫലസ്തീനികളുടെ മൃതദേഹങ്ങളാണ് ഇസ്രായേൽ ഇപ്രകാരം കടത്തിക്കൊണ്ടുപോയത്. ഇതിൽ 30ഓളം മൃതദേഹങ്ങൾ റാമിയെപോലെ രക്തസാക്ഷികളായ കുഞ്ഞുങ്ങളുടേതാണെന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ ഫലസ്തീൻ (ഡി.​സി.ഐ.പി) റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Israeli military withholding 12-year-old Palestinian’s body to pressure family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.