ജറൂസലേം: യെമനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ഇസ്രായേലിന്റെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം പതിക്കുകയും നാശനഷ്ടം വരുത്തിവെക്കുകയും ചെയ്തതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ സർവിസുകൾ നിർത്തിവെച്ചു.
മിസൈൽ ആക്രമണത്തിൽ ആറു പേർക്ക് പരിക്കേറ്റതായി ഇസ്രായേലിന്റെ ദേശീയ അടിയന്തര സേവനത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ‘ഹയോം’ മീഡിയ പങ്കുവെച്ച ഒരു വിഡിയോയിൽ മിസൈൽ വീണ സ്ഥലത്തെ വലിയ ഗർത്തം കാണിക്കുന്നു. ഓൺലൈനിൽ പങ്കിട്ട വിഡിയോകളിൽ ഇസ്രായേലിന്റെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു പാസഞ്ചർ ടെർമിനലിൽ നിന്ന് പുക ഉയരുന്നത് കാണാം.
യെമനിൽനിന്ന് വിക്ഷേപിച്ച മിസൈൽ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ നികത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. മധ്യ ഇസ്രായേലിൽ പതിച്ച ‘പ്രൊജക്റ്റൈൽ’ സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചതായും സൈന്യം പറഞ്ഞു. ടെൽ അവീവിലും രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും ആക്രമണ മുന്നറിയിപ്പിനുള്ള സൈറണുകൾ സജീവമാക്കി.
ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം വളരെ മികച്ചതായാണ് കരുതപ്പെടുന്നത്. എന്നാൽ, ഇസ്രായേലികളെ അവർ ദുർബലരാണെന്ന് ഓർമിപ്പിക്കുന്നതായി പുതിയ ആക്രമണം. യെമനിൽ ആഴ്ചകളോളം നീണ്ടുനിന്ന യു.എസ് വ്യോമാക്രമണങ്ങൾക്ക് ശേഷവും ഹൂതികൾക്ക് 2,000 കിലോമീറ്റർ അകലെ നിന്ന് മിസൈൽ തൊടുത്തുവിടാനും ഇസ്രായേലിനെ ആക്രമിക്കാനും കഴിയുമെന്ന ആശയം അസാധാരണമാണ്. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ഇസ്രായേലിനെതിരെ ഹൂതികൾ നടത്തുന്ന നാലാമത്തെ മിസൈൽ ആക്രമണമാണിതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ, മാസം പിന്നിട്ട ഇസ്രായേലിന്റെ സമ്പൂർണ ഉപരോധത്തിൽ കുറഞ്ഞത് 57 പലസ്തീനികൾ പട്ടിണി കിടന്ന് മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഗസ്സയുടെ അതിർത്തിയിൽ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുമായി ട്രക്കുകൾ കുന്നുകൂടുന്നതായി ഗസ്സാ മുനമ്പിലെ ഗവൺമെന്റ് മീഡിയ ഓഫിസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.