ഇസ്രായേൽ ആക്രമണത്തെ തുടർന്ന് വെസ്റ്റ് ബാങ്കിലെ നൂർ ഷംസ് അഭയാർഥി ക്യാമ്പിൽനിന്ന് ഒഴിഞ്ഞുപോകുന്നവർ
ജെനിൻ: ഗസ്സ വെടിനിർത്തൽ കരാർ നിലവിൽവന്നതിന് പിന്നാലെ ഇസ്രായേൽ സൈന്യം അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 40,000 ഫലസ്തീനികളെ കുടിയൊഴിപ്പിച്ചതായി റിപ്പോർട്ട്. ജനുവരിമുതൽ തുടരുന്ന കനത്ത റെയ്ഡും ആക്രമണവും കാരണമാണ് കൂട്ടകുടിയൊഴിപ്പിക്കൽ.
ഐക്യരാഷ്ട്രസഭയുടെ യു.എൻ.ആർ.ഡബ്ല്യു.എ ഏജൻസിയാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ഹിബ്രൂൺ നഗരത്തിനടുത്ത് ഡസനിലേറെ വീടുകൾ സേന നിലംപരിശാക്കുകയും ചെയ്തു. റോഡുകളും വാഹനങ്ങളും തകർത്തതായും യു.എൻ.ആർ.ഡബ്ല്യു.എ പറഞ്ഞു.
ചൊവ്വാഴ്ചയും തുടർന്ന വ്യാപക റെയ്ഡിൽ ജെനിൻ മേഖലയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജെനിൻ അഭയാർഥി ക്യാമ്പും തൊട്ടടുത്ത പ്രദേശങ്ങളും ലക്ഷ്യമിട്ട് തുടങ്ങിയ ആക്രമണം മറ്റു അധിനിവിഷ്ട മേഖലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ജെനിൻ, തുൽക്കറെം, നൂർ ഷംസ്, ഫറാ അഭയാർഥി ക്യാമ്പുകളിൽ 76,600 ഫലസ്തീനികളാണ് കഴിഞ്ഞിരുന്നത്.
ജനുവരി 21ന് തുടങ്ങിയ സൈനിക നടപടിയെതുടർന്ന് അഭയാർഥി ക്യാമ്പുകളിലെ താമസക്കാരിൽ ഭൂരിഭാഗവും ഒഴിഞ്ഞുപോയെന്ന് യു.എൻ.ആർ.ഡബ്ല്യു.എ അറിയിച്ചു. തുടർച്ചയായ ആക്രമണങ്ങൾ പ്രദേശത്തെ വാസയോഗ്യമല്ലാതാക്കി. കഴിഞ്ഞവർഷം 60 ശതമാനത്തിലേറെ കുടുംബങ്ങളും കുടിയൊഴിപ്പിക്കപ്പെട്ടത് ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിലാണ്. ഈ വർഷം വെസ്റ്റ് ബാങ്കിൽ 38 വ്യോമാക്രമണങ്ങളാണ് നടന്നതെന്നും യു.എൻ.ആർ.ഡബ്ല്യു.എ വ്യക്തമാക്കി.
യു.എസ് ആസ്ഥാനമായ സായുധ സംഘട്ടന സ്ഥലവും സംഭവ ഡാറ്റയും (എ.സി.എൽ.ഇ.ഡി) എന്ന സംഘടനയുടെ കണക്ക് പ്രകാരം 70 ഓളം പേർ വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ 44 പേർക്കും ജീവൻ നഷ്ടപ്പെട്ടത് ജെനിൻ, തുൽക്കരെം, തുബാസ് അഭയാർഥി ക്യാമ്പുകളിലെ ഇസ്രായേൽ ആക്രമണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.