ഗസ്സയെ പിളർത്തുന്ന ഭീമൻ റോഡുമായി ഇസ്രായേൽ; ഇരുവശത്തുമായി ഒരു കി.മീ ബഫർ സോൺ

ഗസ്സ: ഗസ്സയെ രണ്ടായി പിളർത്തി വൻമതിൽ പോലെ ഹൈവേ നിർമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതായി യുദ്ധ നിരീക്ഷകർ. യുദ്ധാനന്തര ഗസ്സയിൽ സൈനിക കടന്നുകയറ്റവും ഫലസ്തീനികളുടെ സഞ്ചാരം തടയുന്നതും ലക്ഷ്യമിട്ടാണ് തെക്കൻ ഗസ്സയെയും വടക്കൻ ഗസ്സയെയും വേർതിരിക്കുന്ന റോഡ് നിർമിക്കുന്നത്. ഇസ്രായേൽ അതിർത്തിയിൽ നിന്നാരംഭിച്ച് കടലിലേക്ക് എത്തും വിധത്തിലാണ് റോഡിന്റെ രൂപകൽപന.

യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് വാർ (ഐ.എസ്.ഡബ്ല്യൂ), ക്രിട്ടിക്കൽ ത്രെറ്റ്‌സ് പ്രൊജക്‌ട് (സി.ടി.പി) എന്നിവയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. വടക്കൻ ഗസ്സയിൽ നിന്ന് തെക്കൻ ഗസ്സയിലേക്കും തിരിച്ചുമുള്ള ഫലസ്തീനികളുടെ സ്വത​ന്ത്ര സഞ്ചാരത്തെ ഇത് തടയു​മെന്ന് റിപ്പോർട്ടിൽ പറയുന്നു.

ദീർഘകാല​ത്തേക്ക് ഗസ്സയിൽ നിലയുറപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധിനിവേശ സേനയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നീണ്ടകാലത്തെ ആസൂത്രണത്തിന്റെ ഭാഗമാണ് റോഡെന്ന് ഐ.എസ്.ഡബ്ല്യൂ, സി.ടി.പി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി.

ഗസ്സ സിറ്റിക്ക് നടുവിലൂടെ നെറ്റ്‌സാരിം ഇടനാഴി (ഹൈവേ 749) എന്ന പേരിലാണ് ഇടനാഴി നിർമിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സൈനികവിഭാഗമായ റിസർവ് എഞ്ചിനീയറിങ് കോർപ്സിനാണ് നിർമാണച്ചുമതല. ഇതേക്കുറിച്ച് ഇസ്രായേൽ മാധ്യമമായ ചാനൽ 14 സംപ്രേഷണം ചെയ്ത റിപ്പോർട്ടിൽ ഹൈവേയുടെ വടക്കും തെക്കും 1 കിലോമീറ്റർ ബഫർ സോൺ നിർമിക്കുമെന്ന് വെളിപ്പെടുത്തി. ഇതിനായി ഈ പ്രദേശങ്ങളിലുള്ള സർവകലാശാലകൾ, ആശുപത്രികൾ, പാർക്കുകൾ എന്നിവയ്ക്കൊപ്പം അനേകം പാർപ്പിട സമുച്ചയങ്ങളും പൊളിക്കുന്നതിന് എഞ്ചിനീയറിങ് കോർപ്സിന്റെ യൂണിറ്റ് 601നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തുർക്കി ഹോസ്പിറ്റൽ, അൽ-അഖ്‌സ യൂണിവേഴ്‌സിറ്റി കാമ്പസ്, മുഗ്റഖ, ജുഹറുദ്ദീക്ക് എന്നീ കാർഷിക ഗ്രാമങ്ങൾ, അമ്യൂസ്‌മെൻറ് പാർക്കുകളായ നൂർ, ഷംസ്, ഏക്കർ കണക്കിന് കൃഷിഭൂമി എന്നിവയാണ് തകർത്ത് തരിപ്പണമാക്കുന്നത്.

ഭാവിയിൽ ഈ പ്രദേശത്തേക്ക് സൈനിക കടന്നുകയറ്റം എളുപ്പത്തിലാക്കുന്നതിനും വടക്കൻ ഗസ്സയിൽ നിന്നും സിറ്റിയിൽനിന്നും പുറത്താക്കപ്പെട്ട 10 ലക്ഷത്തോളം ഫലസ്തീനികൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനാകാത്ത വിധം തടയിടാനും ഇടനാഴിക്ക് കഴിയുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.


Full View

Tags:    
News Summary - Israeli military constructing road to divide Gaza’s north from south: Monitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.