ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹൻ

കുഞ്ഞുങ്ങളെ കൊല്ലരുതെന്ന് പറഞ്ഞ ഗുട്ടെറസിനെതിരെ ഇസ്രായേൽ: ‘താങ്കളെ ഓർത്ത് ലജ്ജിക്കുന്നു’

തെൽഅവീവ്: ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നും നിരപരാധികളെ കൊല്ലുന്നത് അവസാനിപ്പിക്കാൻ ഉടൻ വെടിനിർത്തണമെന്നും ആവശ്യ​പ്പെട്ട ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെതിരെ ഇസ്രായേൽ. ‘നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു’വെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹൻ എക്സിൽ കുറിച്ചു.

‘ദിവസവും നൂറുകണക്കിന് കുട്ടികൾ കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. ഇതിനകം 4,100-ലധികം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറി. മൂന്ന് പതിറ്റാണ്ടിനിടെ ലോകത്ത് നടന്ന മറ്റേത് സംഘർഷങ്ങളിലും കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ മാധ്യമപ്രവർത്തകർ നാലാഴ്ചയ്ക്കുള്ളിൽ ഗസ്സയിൽ കൊല്ലപ്പെട്ടു. നമ്മുടെ സംഘടനയുടെ (യു.എൻ) ചരിത്രത്തിൽ മറ്റേത് ഘട്ടത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ ജീവനക്കാർ ഗസ്സയിൽ കൊല്ലപ്പെട്ടു. കഴിഞ്ഞുപോകുന്ന ഓരോ മണിക്കൂറും ഉടൻ വെടിനിർത്തൽ വേണ​മെന്നതിന് ഊന്നൽ നൽകുന്നു’ -എന്നായിരുന്നു ഗുട്ടെറസ് ന്യൂയോർക്ക് സിറ്റിയിലെ യുഎൻ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

ഇതിനെതിരെയാണ് എലി കോഹൻ രംഗത്തുവന്നത്. ‘അന്റോണിയോ ഗുട്ടെറസ്, നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു. 9 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 30ലധികം പിഞ്ചുകുട്ടികളും, മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് ദൃക്സാക്ഷികളായ കുട്ടികളും ഗസ്സയിൽ തടവിലാക്കപ്പെടുന്നു. ഗസ്സയിലെ പ്രശ്നം ഹമാസാണ്, അവരെ ഉന്മൂലനം ചെയ്യുന്ന ഇസ്രായേലിന്റെ പ്രവർത്തിയല്ല" -എന്നാണ് എലിയുടെ ട്വീറ്റ്.

ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണം “ശൂന്യതയിൽനിന്ന് സംഭവിച്ചതല്ല” എന്ന് യുഎൻ രക്ഷാസമിതിയിൽ ഗുട്ടെറസ് പറഞ്ഞതിന് പിന്നാലെ രാജിവയ്ക്കണമെന്ന് എലി കോഹൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്റെ പ്രസ്താവനയിൽ ഉറച്ചുനിന്ന ഗുട്ടെറസ്, അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് ഗസ്സയിൽ നടക്കുന്നതെന്ന് ആവർത്തിച്ചു. "ആശുപത്രികൾ, അഭയാർത്ഥി ക്യാമ്പുകൾ, പള്ളികൾ, ചർച്ചുകൾ, അഭയകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള യുഎൻ സൗകര്യങ്ങൾ എന്നിവ ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം നടത്തുന്നു. അവിടെ ആരും സുരക്ഷിതരല്ല. അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് നടക്കുന്നത്. ഇൻകുബേറ്ററുകളിൽ കഴിയുന്ന നവജാത ശിശുക്കളും ലൈഫ് സപ്പോർട്ടിലുള്ള രോഗികളും ആശുപത്രികളിൽ ഇന്ധനമില്ലാത്തതിനാൽ മരിക്കും. ഇത് മനുഷ്യരാശിയുടെ പ്രതിസന്ധിയാണ്” -ഗുട്ടെറസ് ന്യൂയോർക്കിൽ പറഞ്ഞു.

Tags:    
News Summary - Israeli foreign minister Eli Cohen to UN chief Antonio Guterres: ‘Shame on you’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.