ജെനിൻ അഭയാർഥി ക്യാമ്പിലേക്ക് തിരിച്ചുവരുന്ന ഫലസ്തീനികളെ തടയുന്ന ഇസ്രായേൽ സൈന്യം
ജെനിൻ: ഗസ്സ വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയാകാനിരിക്കെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പ് തകർത്ത് ഇസ്രായേൽ. 40,000ത്തോളം പേർ ഇതിനകം ജെനിൻ, തുൽകറേം അഭയാർഥി ക്യാമ്പുകളിൽനിന്ന് പലായനം ചെയ്തതായാണ് റിപ്പോർട്ട്.
ഗസ്സ വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെയാണ് വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം കനത്തആക്രമണം തുടങ്ങിയത്. ഗസ്സക്ക് സമാനമായ രീതിയിൽ അഭയാർഥികളെ കൂട്ടമായി ഒഴിപ്പിച്ച് വർഷങ്ങളോളം സൈനിക സാന്നിധ്യം ഉറപ്പിക്കുകയാണ് ലക്ഷ്യം.
1948ൽ ഇസ്രായേൽ സ്ഥാപിതമായപ്പോൾ സ്വന്തം വീടുകളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ജെനിൻ അഭയാർഥി ക്യാമ്പിൽ കഴിയുന്നവർ. ആഴ്ചകൾ നീണ്ട ആക്രമണത്തിലൂടെ ഫലസ്തീനിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബലിയ ഒഴിപ്പിച്ചത് ജെനിനിലും ഇസ്രായേൽ ആവർത്തിക്കുകയാണെന്ന് ജെനിൻ മുനിസിപ്പാലിറ്റി വക്താവ് ബഷീർ മതാഹീൻ പറഞ്ഞു.
ജെനിൻ അഭയാർഥി ക്യാമ്പ് നിലവിൽ വാസയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. 12 ബുൾഡോസറുകൾ ഉപയോഗിച്ചാണ് ഈ ക്യാമ്പിലെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും സൈന്യം തകർക്കുന്നത്. ഒരു ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് വാട്ടർ ടാങ്കുകളും ജനറേറ്ററുകളും കൊണ്ടുവന്ന് ദീർഘകാല താവളത്തിനുള്ള തയാറെടുപ്പുകളാണ് സൈനിക എൻജിനീയർമാരുടെ സംഘം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.