തെൽ അവീവ്: ഇറാനുമായുള്ള യുദ്ധം ഇസ്രായേലിന് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നതായി റിപ്പോർട്ട്. യുദ്ധം മൂലം ഇസ്രായേലിന് സമ്പദ്‍വ്യവസ്ഥയിൽ ഒരാഴ്ച ഉണ്ടാവുന്ന നഷ്ടം മൂന്ന് ബില്യൺ ഡോളറായി ഉയരുമെന്നാണ് രാജ്യത്തിന്റെ ധനകാര്യമന്ത്രാലയം തന്നെ പ്രവചിക്കുന്നത്. നിലവിലുള്ള നിയന്ത്രണങ്ങളുമായി രാജ്യം മുന്നോട്ട് പോയാലുള്ള നഷ്ടമാണ് ധനകാര്യമന്ത്രാലയം കണക്ക് കൂട്ടിയിരിക്കുന്നത്.
യുദ്ധം കാരണം ഇസ്രായേലിൽ ചില നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലുള്ള കൂടിച്ചേരലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം, ജോലി എന്നിവയിലെല്ലാമാണ് നിയന്ത്രണങ്ങൾ. അവശ്യ ബിസിനസുകൾ മാത്രമാണ് രാജ്യത്ത് നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കുന്നത്. ഇത്തരം നിയന്ത്രണങ്ങൾ ശനിയാഴ്ച വരെ നീട്ടാനും ഇസ്രായേൽ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ, നാളെ മുതൽ ധനകാര്യ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി പുനഃരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് ഇസ്രായേൽ ധനകാര്യമന്ത്രാലയം ഹോം ഫ്രണ്ട് കമാൻഡ് ചീഫ് മേജർ ജനറൽ ഷായി ക്ലാപ്പറിന് എഴുതിയ കത്തിൽ ആവശ്യപ്പെടുന്നു. ഇനിയും ധനകാര്യ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചില്ലെങ്കിൽ ഒരാഴ്ചയുണ്ടാവുന്ന നഷ്ടം മൂന്ന് ബില്യൺ ഡോളറിലേക്ക് ഉയരുമെന്നും കത്തിൽ ചുണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തെ ഇറാനുമായുള്ള യുദ്ധം ദീർഘകാലത്തേക്ക് കൊണ്ടു പോകുന്നതിനുള്ള ശേഷി അമേരിക്കക്ക് ഇല്ലെന്ന വിലയിരുത്തലുകളും പുറത്ത് വന്നിരുന്നു. ദീർഘകാലം നീളുന്ന ഒരു യുദ്ധത്തിന് ആവശ്യമായ മിസൈലുകളോ ലോജിസ്റ്റിക് സംവിധാനങ്ങളോ നിലവിൽ അമേരിക്കക്കില്ല. യുക്രെയ്ന് വലിയ അളവിൽ മിസൈലുകൾ നൽകിയത് യു.എസ് ആയുധശേഖരത്തെ ബാധിച്ചിട്ടുണ്ട്. അതേ സമയം ഏതാനും ആയിരം ഡോളർ മാത്രം വിലവരുന്ന ഡ്രോണുകൾ ഉപയോഗിച്ച് ഗൾഫ് മേഖലയിലെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള അമേരിക്കൻ സൈനിക താവളങ്ങളെ തകർക്കാൻ ഇറാന് സാധിക്കുന്നു. തുർക്കിയയിലെ ഇൻസിർലിക് (Incirlik) ഉൾപ്പെടെയുള്ള മിക്ക അമേരിക്കൻ താവളങ്ങളും ഇറാന്റെ മിസൈൽ ആക്രമണത്തിൽ പ്രവർത്തനരഹിതമായിക്കഴിഞ്ഞു. മുൻ യു.എസ് പ്രതിരോധ സെക്രട്ടറിയുടെ സീനിയർ അഡ്വൈസറും മുൻ കേണലുമായ ഡഗ്ലസ് മഗ്രെഗോറാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.