ഗസ്സ സിറ്റി: ഗസ്സയിലെയും ലെബനാൻ അതിർത്തിയിലെയും നിരായുധരായ സിവിലിയൻമാർക്കു നേരെ ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ബോംബ് ഉപയോഗിച്ചതായി ഹ്യൂമൺ റൈറ്റ്സ് വാച്ച്. ജനവാസ കേന്ദ്രങ്ങളിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) അംഗങ്ങൾ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ വിക്ഷേപിക്കുന്നുവെന്ന തരത്തിലുള്ള ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചിരുന്നു. ഈ ഫൂട്ടേജുകൾ വിശകലനം ചെയ്താണ് ഇസ്രായേൽ ഗസ്സയിൽ വൈറ്റ്ഫോസ്ഫറസ് ഉപയോഗിച്ചിട്ടുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് സ്ഥിരീകരിച്ചത്.
ഗസ്സ തുറമുഖത്തും ഇസ്രായേൽ-ലെബനാൻ അതിർത്തിയിലുമാണ് വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതിനു സ്ഥിരീകരണം ലഭിച്ചെന്ന് ഹ്യുമൺ റൈറ്റ്‌സ് വാച്ച് വെളിപ്പെടുത്തി. ജനവാസമേഖലയിൽ വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചാൽവീടുകൾ കത്തിച്ചാമ്പലാക്കുകയും സാധാരണക്കാർക്കു ഗുരുതരമായ പരിക്കുണ്ടാക്കുകയും ചെയ്യുമെന്ന് എച്ച്.ആർ.ഡബ്ല്യു പശ്ചിമേഷ്യൻ-ഉത്തരാഫ്രിക്കൻ ഡയരക്ടർ ലാമാ ഫകീഹ് വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമം ലംഘിച്ചാണ് ജനവാസമേഖലകളിൽ ഇസ്രായേലിന്റെ വൈറ്റ്ഫോസ്ഫറസ് ഉപയോഗമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി.ജനവാസ മേഖലകളിൽ വൈറ്റ്ഫോസ്ഫറസ് ഉപയോഗിക്കുമ്പോൾ ജനങ്ങളെ നേരിട്ട് ബാധിക്കാതിരിക്കാൻ അവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് നിയമം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ വൈറ്റ്ഫോസ്ഫറസ് ഉപയോഗിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്ന് ലാമ ഫകീഷ് പറഞ്ഞു.
ഫോസ്ഫറസിന്റെയും റബറിന്റെയും മെഴുകു പോലുള്ള മിശ്രിതമാണ് വൈറ്റ്ഫോസ്ഫറസ്. അന്തരീക്ഷത്തില്‍ എത്തിയാല്‍ 800 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 2500 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ കത്തിജ്വലിക്കും. വസ്ത്രങ്ങളിലടക്കം പറ്റിപ്പിടിക്കുകയും ശരീരത്തിലേറ്റാല്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്യും. അതികഠിനമായ ചൂടായതിനാല്‍ ചെറിയ പോറല്‍ പോലും ആന്തരീകാവയവങ്ങളെ പോലും നശിപ്പിച്ചു കളയും. ഇതിന്റെ പരിക്ക് ചികിത്സിച്ച് ഭേദമാക്കാൻ പ്രയാസമാണ്. വായുവുമായി ചേര്‍ന്ന് അതികഠിനമായ ചൂടും വെളിച്ചവും പുകയുമാണ് വൈറ്റ് ഫോസ്ഫറസ് ഉണ്ടാക്കുക. സ്ഫോടന പരിധിയിലുള്ളവര്‍ക്ക് പോലും ശ്വാസതടസം, അണുബാധ തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും.
വൈറ്റ്ഫോസ്ഫറസ് ശരീരത്തിലെ എല്ലുകൾക്ക് വരെ പൊള്ളലുണ്ടാക്കുന്നു. മരണമോ ആജീവനാന്ത പരിക്കുകളോ ശരീരത്തിൽ ഏൽപിക്കുന്നു. യുദ്ധമേഖലകളിൽ വൈറ്റ്ഫോസ്ഫറസിന്റെ ഉപയോഗം സമ്പൂർണമായി നിരോധിച്ചിട്ടില്ലെങ്കിലും ജനവാസമേഖലകളിൽ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
19ാം നൂറ്റാണ്ടിൽ ഐറിഷ് ദേശീയവാദികളാണ് ബ്രിട്ടീഷ് സൈന്യത്തിനെതിരെ ആദ്യമായി വൈറ്റ്ഫോസ്ഫറസ് ഉപയോഗിച്ചത്. ഒന്നാംലോകയുദ്ധ കാലത്തും രണ്ടാംലോകയുദ്ധകാലത്തും വൈറ്റ്ഫോസ്ഫറസ് ബോംബുകൾ വ്യാപകമായി ഉപയോഗിച്ചു. യുക്രെയ്നിൽ റഷ്യ വൈറ്റ് ഫോസ് ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു.
1972 ല്‍ ആണ് വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരുന്ന പ്രമേയം യു.എന്‍. പൊതുസഭ പാസാക്കിയത്. 1980 ല്‍ ലോകരാജ്യങ്ങള്‍ ഈ പ്രമേയം അംഗീകരിച്ചു. എന്നാൽ ഇസ്രായേൽ ഈ രാജ്യങ്ങളുടെ പട്ടികയിൽ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.