തെൽ അവീവ്: ഏകപക്ഷീയമായി വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെ സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി ഇസ്രായേൽ. വെടിനിർത്തൽ കരാർ വീണ്ടും പ്രാബല്യത്തിലായതായി ഇസ്രായേൽ അറിയിച്ചു. ഗസ്സയിലെ പ്രാദേശിക സമയം പത്ത് മണിയോടെയാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിലായതായി ഇസ്രായേൽ അധികൃതർ അറിയിച്ചു.
വെടിനിർത്തൽ കരാർ കാറ്റിൽ പറത്തി ഇസ്രായേൽ ഗസ്സയിൽ നടത്തിയ വ്യോമാക്രമണത്തിൽ 35 കുട്ടികളടക്കം 91 ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു യു.എസ് മധ്യസ്ഥതയിലുള്ള വെടിനിർത്തലിന്റെ എല്ലാ പരിധികളും ലംഘിച്ച് ഇസ്രായേലിന്റെ ഏറ്റവും പുതിയ വ്യോമാക്രമണം.
മരിച്ചവരിൽ ബെയ്ത് ലാഹിയയിലെ സ്കൂളിൽ അഭയം തേടിയ മൂന്നുപേരും കുടിയിറക്കപ്പെട്ടവർക്കായുള്ള അൽ മവാസി ടെന്റുകളിൽ താമസിച്ചിരുന്ന മരിച്ചവരിൽ ഉൾപ്പെടുന്നു.
ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗസ്സ സിവിൽ ഡിഫൻസ് ഏജൻസ് വക്താവ് മുഹമ്മദ് ബാസൽ അറിയിച്ചു. നിരവധി പേരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയിട്ടുമുണ്ട്.
എല്ലാ അതിർവരമ്പുകളും ലംഘിച്ചായിരുന്നു വീടുകളും ടെന്റുകളും അഭയകേന്ദ്രങ്ങളും നിരപ്പാക്കിയുള്ള ഇസ്രായേലിന്റെ വ്യോമാക്രമണമെന്ന് അനഡൊദു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഉന്നതതല സുരക്ഷ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് ഗസ്സയിൽ എത്രയും പെട്ടെന്ന് ശക്തമായ ആക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകിയത്.
ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിന്റെ തിരിച്ചടിയായാണ് ആക്രമണമെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ചൊവ്വാഴ്ച രാവിലെ റഫ അതിർത്തിയിൽ ഹമാസ് ഇസ്രായേൽ സൈനികർക്കു നേരെ വെടിയുതിർത്തുവെന്നും ഇസ്രായേൽ അവകാശപ്പെട്ടു. എന്നാൽ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഹമാസ് ഉറപ്പിച്ചു പറയുന്നത്. വെടിനിർത്തൽ കരാർ പാലിക്കാൻ പ്രതിഞ്ജാബദ്ധരാണെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.