ബിന്യമിൻ നെതന്യാഹു

വെടിനിർത്തൽ ചർച്ചകൾക്കായി നിയോഗിച്ച സംഘത്തെ പിൻവലിച്ച് ഇസ്രായേൽ

തെൽ അവീവ്: വെടിനിർത്തൽ ചർച്ചകൾക്കായി നിയോഗിച്ച സംഘത്തെ ​തിരിച്ചുവിളിച്ച് ഇസ്രായേൽ. ഖത്തറിലെ ദോഹയിലുള്ള സംഘത്തോട് ഉടൻ ഇസ്രായേലിലെത്താനാണ് നിർദേശം. ചർച്ചകളിൽ തടസ്സം നേരിടുന്ന സാഹചര്യത്തിൽ തിരിച്ചെത്താനാണ് മൊസാദിന്റെ സംഘത്തിന് നൽകിയിരിക്കുന്ന നിർദേശം.

ചർച്ചകളിലെ സ്തംഭനത്തെ തുടർന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരം മൊസാദ് തലവൻ ഡേവിഡ് ബാർണിയ ദോഹയിലുള്ള തന്റെ സംഘത്തോട് ഇസ്രായേലിലേക്ക് തന്നെ മടങ്ങാൻ നിർദേശിക്കുകയായിരുന്നുവെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.

ഹമാസ് വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് ഇസ്രായേൽ ആരോപിച്ചു. തടവിലാക്കിയ മുഴുവൻ കുട്ടികളേയും സ്ത്രീകളേയും വിട്ടയക്കണമെന്ന വ്യവസ്ഥ ഹമാസ് പാലിച്ചില്ലെന്നാണ് ഇസ്രായേലിന്റെ പ്രധാന ആരോപണം. സി.ഐ.എ തലവൻ, ഈജിപ്ത് ഇന്റലിജൻസ് മന്ത്രി, ഖത്തർ പ്രധാനമന്ത്രി എന്നിവർക്ക് മൊസാദ് നന്ദിയറിയിച്ചിട്ടുണ്ട്. കുട്ടികളും സ്ത്രീകളും വിദേശപൗരൻമാരും ഉൾപ്പടെ 100ലധികം പേരെ ഹമാസ് പിടിയിൽ നിന്നും മോചിപ്പിക്കാൻ സഹായിച്ചതിന് ഇവരോട് നന്ദി പറയുകയാണെന്ന് മൊസാദ് വ്യക്തമാക്കി.

വടക്കൻ ഗസ്സയിൽ വ്യാപക നശീകരണവും കൂട്ടക്കൊലയും നടത്തിയ ഇസ്രായേൽ, തെക്കൻ ഗസ്സയിലേക്കും വ്യോമാക്രമണം വ്യാപിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. വെടിനിർത്തൽ അവസാനിച്ചതിനുപിന്നാലെ, ആളുകൾ സുരക്ഷിതമെന്ന് കരുതിയിരുന്ന തെക്കൻ ഗസ്സ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരുന്നു.

ഇന്നലെ രാത്രി ഖാൻ യൂനിസിന്റെ കിഴക്കൻ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലുമാണ് കൂടുതൽ ആക്രമണങ്ങൾ നടന്നത്. നിരവധി വീടുകൾ നശിപ്പിച്ചു. കൃഷിഭൂമിക്ക് നേരെയും വ്യാപക അക്രമം അരങ്ങേറി. വടക്കൻ ഗസ്സയിൽ നടന്നതിന് സമാനമായി തെക്കൻ ഗസ്സയിലും കരയാക്രമണത്തിന് വഴിയൊരുക്കുന്നതിനാണ് ഈ നീക്കമെന്ന് കരുതുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

തെക്ക് ഭാഗത്തും തങ്ങളുടെ സൈനികനീക്കം വിപുലീകരിക്കുമെന്ന് അധിനിവേശ സേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. കരസേനയ്ക്ക് മുന്നോട്ട് പോകാൻ വഴിയൊരുക്കുന്നതിനാണ് ഇ​പ്പോഴുള്ള ശ്രമമെന്ന് കരുതുന്നതായി റിപ്പോർട്ടുകളുണ്ട്.

ഗ​സ്സ​യു​ടെ വ​ട​ക്കും തെ​ക്കു​മാ​യി ഇന്നലെ ഇ​രു​നൂ​റി​ലേ​റെ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട​താ​യി ഇ​സ്രാ​യേ​ൽ പറഞ്ഞിരുന്നു. ദ​ക്ഷി​ണ ഗ​സ്സ ന​ഗ​ര​മാ​യ ഖാ​ൻ യൂ​നു​സി​ൽ ജ​ന​ങ്ങ​ളോ​ട് കൂ​ടു​ത​ൽ തെ​ക്കോ​ട്ട് ഒ​ഴി​ഞ്ഞു​പോ​കാ​നാ​വ​ശ്യ​പ്പെ​ട്ട് ഇ​സ്രാ​യേ​ൽ ആ​കാ​ശ​ത്തു​നി​ന്ന് ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തതും തെക്കൻ ഗസ്സയും നശിപ്പിക്കാനുള്ള മുന്നൊരുക്കമായി കരുതുന്നു.

Tags:    
News Summary - Israel pulls back negotiating team from Qatar citing ‘impasse’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.