മരണം 10000, കുഞ്ഞുമൃതദേഹങ്ങൾ 4104; ഗസ്സ ചോദിക്കുന്നു: ‘ലോകമേ, ഇനിയുമെത്ര പേരെ കൊല്ലണം നിങ്ങൾ ഒന്ന് പ്രതികരിക്കാൻ?’

ഗസ്സ: ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന മനുഷ്യക്കുരുതി 10000 കവിഞ്ഞു. ഇന്നത്തെ ബോംബാക്രമണങ്ങളിൽ കൊല്ല​പ്പെട്ടവരു​ൾപ്പെടെ 10,022 പേർ വീരമൃത്യു വരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 4,104 പേർ കുട്ടികളാണ്. 2,641 പേർ സ്ത്രീകളും. ഒക്ടോബർ 7 മുതൽ പരിക്കേറ്റവരുടെ എണ്ണം 25,408 ആയി.

അൽ-റൻതീസി ആശുപത്രിക്ക് നേരെ ഇന്ന് രണ്ട് തവണ ഇസ്രായേൽ വ്യോമാക്രമണം നടത്തി. കാൻസർ സെന്റർ, സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് സെന്റർ എന്നിവ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ആശുപത്രിയിലെ സോളാർ പാനലുകളും വാട്ടർ ടാങ്കുകളും തകർന്നു.

കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ ഇസ്രായേൽ 18 ആക്രമണങ്ങൾ നടത്തി. 252 പേരാണ് ഇതിൽ കൊല്ലപ്പെട്ടത്. ഒക്‌ടോബർ 7 മുതൽ ഇതുവരെ 192 ആരോഗ്യ പ്രവർത്തകരെ കൊലപ്പെടുത്തി. 32 ആംബുലൻസുകൾ നശിപ്പിച്ചു. 16 ആശുപത്രികൾ പ്രവർത്തനരഹിതമാക്കി.

‘ലോക നേതാക്ക​ളേ, നിങ്ങൾ ഈ ഹൊറർ സിനിമ ആസ്വദിക്കുക​യാണോ? ലോകമേ, ലോക നേതാക്കളേ, ജനങ്ങളേ, ഇനിയും എത്ര ആളുകൾ കൊല്ലപ്പെട്ടാലാണ്, ഇനിയും എത്ര ആളുകൾ മരിച്ചാലാണ് നിങ്ങൾ ഒന്ന് പ്രതികരിക്കുക? ഞങ്ങൾ വെടിനിർത്തലാണ് ആവശ്യപ്പെടുന്നത്. ഞങ്ങൾ എല്ലാവരും സാധാരണക്കാരാണ്” -അൽ ഷാതി അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ഗസ്സ നിവാസിയായ സാക് ഹനിയ, അൽജസീറ ചാനൽ അഭിമുഖത്തിൽ ചോദിച്ചു.

മൂന്ന് മണിക്കൂറിനുള്ളിൽ വീടുകൾ ഉപേക്ഷിച്ച് തെക്കൻ ഗസ്സയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ ഇവർക്ക് രാത്രി ലഘുലേഖ നൽകിയിരുന്നു. എന്നാൽ, തകർന്ന പാതയിലൂടെ വൈദ്യുതിയില്ലാതെ പൂർണ്ണമായ ഇരുട്ടിലായ റോഡിലൂടെ എങ്ങനെ പോകുമെന്ന് ഇവർ ചോദിക്കുന്നു.

Tags:    
News Summary - Israel Palestine Conflict: Death toll in Gaza crosses 10,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.