തെൽഅവീവ്/ഗസ്സ: പതിറ്റാണ്ടുകൾ നീണ്ട തയാറെടുപ്പിനൊടുവിൽ പോരാട്ടത്തിനിറങ്ങിയ ഹമാസിനെ തകർക്കൽ ദുഷ്കരമെങ്കിലും യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ്.
ഗസ്സ ഇസ്രായേൽ സൈനികരുടെ ശവപ്പറമ്പാകുമെന്നും ദീർഘനാൾ പോരാട്ടത്തിന് തയാറാണെന്നും തിരിച്ചടിച്ച് ഹമാസ് നേതാവ് ഖാലിദ് മിശ്അൽ. വെടിനിർത്തലിനുള്ള അന്താരാഷ്ട്ര സമ്മർദത്തിനിടയിലും 70ാം ദിവസവും വ്യോമ-കര മാർഗം ഗസ്സയിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ.
മനുഷ്യാവകാശ നിയമങ്ങൾ കാറ്റിൽപറത്തിയുള്ള കൂട്ടക്കുരുതി അന്താരാഷ്ട്രതലത്തിൽ ഇസ്രായേലിനുള്ള പിന്തുണ കുറച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിമർശനത്തെ തുടർന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക് സുള്ളിവൻ തെൽഅവീവ് സന്ദർശനത്തിനെത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായും യുദ്ധ കാബിനറ്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ആക്രമണത്തിന്റെ ശക്തി കുറക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചെന്നാണ് സൂചന.
എന്നാൽ, നിർദേശം തള്ളിയ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഹമാസിനെ ഇല്ലാതാക്കുംവരെ യുദ്ധം മുന്നോട്ടെന്ന് പ്രഖ്യാപിച്ചു. ഭൂഗർഭ അറയുണ്ടാക്കിയും മികച്ച പ്രതിരോധ സംവിധാനങ്ങളൊരുക്കിയും പോരാട്ടത്തിനിറങ്ങിയ ഹമാസിനെ നശിപ്പിക്കൽ എളുപ്പമല്ലെങ്കിലും യുദ്ധം മാസങ്ങൾ നീളുമെന്നും വിജയം വരിക്കുമെന്നും ഗാലന്റ് പറഞ്ഞു.
എന്നാൽ, 35,000 പോരാളികൾ ഗസ്സയിൽ എന്തിനും തയാറായി നിലയുറപ്പിച്ചിരിക്കുകയാണെന്നും കീഴടങ്ങാൻ തയാറല്ലെന്നും ഇസ്തംബൂൾ സന്ദർശനത്തിനിടെ മുതിർന്ന ഹമാസ് നേതാവ് ഖാലിദ് മിശ്അൽ പറഞ്ഞു. ഇസ്രായേലിന്റെ മുതിർന്ന സൈനിക ഓഫിസർമാർ ദിവസവും കൊല്ലപ്പെടുകയാണ്.
ഹമാസിനെ ഇല്ലാതാക്കാനോ ബന്ദികളെ മോചിപ്പിക്കാനോ ഫലസ്തീനികളെ ഈജിപ്തിലേക്ക് പറഞ്ഞയക്കാനോ അവർക്കാവില്ല. ഇസ്രായേൽ, അമേരിക്കൻ ഭരണകൂടങ്ങളിൽ സ്വന്തം ജനതക്കുള്ള വിശ്വാസം കുറഞ്ഞുവരുകയാണ്. ഹമാസിന് ഗസ്സയിലെ ജനങ്ങളുടെ പിന്തുണ വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിടുന്ന അടുത്തഘട്ട യുദ്ധത്തിന് തുടക്കം കുറിക്കുകയാണെന്ന് ജേക് സുള്ളിവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗസ്സയിലെ പോരാട്ടത്തിന് നേതൃത്വം നൽകുന്ന യഹ്യ സിൻവാർ, മുഹമ്മദ് ദീഫ്, മർവാൻ ഇസ്സ എന്നിവരെയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഖാൻ യൂനുസിലെ യു.എൻ സ്കൂളിനുനേരെ വെള്ളിയാഴ്ച രാവിലെ നടത്തിയ ആക്രമണത്തിൽ 33 പേർ മരിച്ചു. ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ അദ്ദഹ്ദൂഹ്, കാമറാമാൻ സാമിർ അബൂദുഃഖ എന്നിവർക്ക് പരിക്കേറ്റു. 72 മണിക്കൂറിനിടെ 36 ഇസ്രായേലി സൈനികരെ വധിച്ചതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.