അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവുകൾ ഇസ്രായേൽ പാലിക്കുന്നില്ല; വിശക്കുന്ന മനുഷ്യരെ ആയുധമായി ഉപയോഗിക്കുന്നു -ഹ്യൂമൻ റൈറ്റ്സ് വാച്ച്

ദ ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഒരു ഉത്തരവ് പോലും ഇസ്രായേൽ പാലിക്കുന്നില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്. ഇ​സ്രായേലിന്റെ ഗസ്സ അധിനിവേശത്തിനെതിരായി ദക്ഷിണാഫ്രിക്ക നൽകിയ കേസിലാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് പരാമർശം.

ഗസ്സയിലെ അതീവ ഗുരുതരമായ സാഹചര്യം മുൻനിർത്തി മാനുഷികമായ സഹായങ്ങൾ നൽകണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു. ജനുവരി 26നായിരുന്നു സുപ്രധാന ഉത്തരവ്. എന്നാൽ, ഉത്തരവ് പുറത്ത് വന്ന് ഒരുമാസം പിന്നിടുമ്പോഴും ഗസ്സയിലെ ജനങ്ങൾക്ക് ഒരു സഹായവും നൽകാൻ ഇസ്രായേൽ തയാറായിട്ടില്ല. കടുത്ത പട്ടിണിയാണ് ഗസ്സ ജനത ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഇതിനെതിരായാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് പരാമർശം.

ഗസ്സയിലെ 2.3 മില്യൺ ജനങ്ങളെ പട്ടിണിക്കിടുകയാണ് ഇസ്രായേൽ സർക്കാർ ചെയ്യുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഇസ്രായേൽ-ഫലസ്തീൻ ഡയറക്ടർ ഉമർ ഷാക്കിർ പറഞ്ഞു. കോടതി ഉത്തരവിനെ നിസാരവൽക്കരിച്ച് ലംഘിക്കുകയാണ് ഇസ്രായേൽ ചെയ്തത്. ആളുകളുടെ ജീവൻ നിലനിർത്താനുള്ള സാധനങ്ങളുമായി വരുന്ന ട്രക്കുകൾ പോലും തടയുകയാണ്ചെയ്യുന്നതെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തി.

ഇസ്രായേലിനെ കൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് അനുസരിപ്പിക്കാൻ മറ്റ് രാജ്യങ്ങൾ സാധ്യമായതെല്ലാം ചെയ്യണമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു. ഇസ്രായേൽ പട്ടിണിയെ യുദ്ധത്തിലെ ആയുധമായി ഉപയോഗിക്കുകയാണെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് വിമർശിച്ചു.

ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയുടെ കണക്കുകൾ പ്രകാരം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിന് ശേഷം ഗസ്സയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകളും എണ്ണത്തിൽ കുറവാണ് ഉണ്ടായിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ 26 വരെയുള്ള കാലയവളിൽ സഹായവുമായി ഗസ്സയിൽ എത്തിയത് 147 ട്രക്കുകളാണ്. എന്നാൽ അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉത്തരവിന് ശേഷം ജനുവരി 26 മുതൽ ഫെബ്രുവരി 21 വരെ 93 ട്രക്കുകൾ മാത്രമാണ് ഗസ്സയിൽ എത്തിയത്. കൂടുതൽ സഹായം ഗസ്സക്ക് നൽകണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് ലംഘിക്കുക മാത്രമല്ല, നിലവിലുള്ള സഹായം തടയുകയും കൂടിയാണ് ഇസ്രായേൽ ചെയ്തിരിക്കുന്നത്.

Tags:    
News Summary - Israel Not Complying With ICJ Orders, is Starving Civilians as ‘Weapon of War’: Human Rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.