ഗസ്സയിലെ ക്രൂരതക്കെതിരെ ഒടുവിൽ ഇസ്രായേൽ മെഡിക്കൽ അസോസിയേഷനും രംഗത്ത്: ‘ഇത് മെഡിക്കൽ എത്തിക്‌സിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനം’

തെൽഅവീവ്: 22 മാസം പിന്നിട്ട മനുഷ്യത്വം മരവിക്കുന്ന ഗസ്സയിലെ കൊടുംക്രൂരതക്കെതിരെ ഒടുവിൽ ഇസ്രായേലിലെ ഡോക്ടർമാരുടെ സംഘടനയായ ഇസ്രായേൽ മെഡിക്കൽ അസോസിയേഷനും (​ഐ.എം.എ) രംഗത്ത്. ആശുപത്രികൾ തകർക്കുന്നതും മരുന്നും ജീവൻരക്ഷാ ഉപകരണങ്ങളും നിഷേധിക്കുന്നതും ഭക്ഷണം തേടി എത്തുന്നവരെ വെടിവെച്ചുകൊല്ലുന്നതും മെഡിക്കൽ എത്തിക്‌സിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഇയാൽ സമീർ, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് എന്നിവർക്ക് സംഘടന കത്തെഴുതി.

ഗസ്സയിലെ സാധാരണക്കാർക്ക് മെഡിക്കൽ ഉപകരണങ്ങളും അടിസ്ഥാന മാനുഷിക സാഹചര്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കത്തിൽ ആവശ്യപ്പെട്ടു. ഐ.എം.എയുമായുള്ള ബന്ധം വിച്ഛേദിക്കാൻ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബി.എം.എ) അടുത്തിടെ തീരുമാനിച്ചതും അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന സമ്മർദവും കണക്കിലെടുത്താണ് ഐ.എം.എയുടെ ഇടപെടൽ.


‘ഗസ്സയിലെ സിവിലിയൻ ജനതക്ക് മെഡിക്കൽ ഉപകരണങ്ങളും അടിസ്ഥാന മാനുഷിക സാഹചര്യങ്ങളും ഉറപ്പാക്കണമെന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. മെഡിക്കൽ എത്തിക്സും അന്താരാഷ്ട്ര മാനുഷിക നിയമവും ഇത് ആവശ്യപ്പെടുന്നുണ്ട്’ -ഐ.എം.എ ചെയർമാൻ പ്രഫ. സിയോൺ ഹാഗേ കത്തിൽ വ്യക്തമാക്കി. കഴിഞഞ ദിവസം മാനുഷിക സഹായത്തിനായി കാത്തിരിക്കുന്നതിനിടെ 73 പേർ കൊല്ലപ്പെട്ടുവെന്ന ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അദ്ദേഹം കത്തിൽ പരാമർശിച്ചു. “ഇത് കൃത്യമാണെങ്കിൽ, ഇത് മെഡിക്കൽ എത്തിക്‌സിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണ്” -ഹാഗേ പറഞ്ഞു.

ഗസ്സയിലെ സമീപകാല സംഭവങ്ങളെക്കുറിച്ച് വേൾഡ് മെഡിക്കൽ അസോസിയേഷനിൽ നിന്ന് ഐ.എം.എ നിരന്തരം ചോദ്യങ്ങൾ നേരിടുകയാണെന്ന് ഹീബ്രു വാർത്താ ഏജൻസിയായ വൈനെറ്റിന് നൽകിയ അഭിമുഖത്തിൽ ഹാഗേ പറഞ്ഞു. “ഗസ്സയിലെ നാശത്തിന്റെയും ആളപായത്തിന്റെയും ചിത്രങ്ങൾ ഇസ്രായേലി മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ വളരെയധികം യൂറോപ്പിലുള്ളവർ കാണുന്നുണ്ട്. ഞങ്ങൾക്ക് ഒന്നും അറിയില്ല. ഞങ്ങൾക്ക് ഒരു ഡാറ്റയും ഇല്ല. ഉത്തരവാദിത്തത്തോടെയും കൃത്യമായും പ്രതികരിക്കാൻ ഞങ്ങൾക്ക് വ്യക്തത വേണം’ -അദ്ദേഹം ആവശ്യപ്പെട്ടു.

ഗസ്സയുടെ ആരോഗ്യസംവിധാനത്തിന് നേരെയുള്ള ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി ഇസ്രായേൽ മെഡിക്കൽ അസോസിയേഷനുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

Tags:    
News Summary - Israel Medical Association beseeches COGAT and IDF for humanitarian and medical aid in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.