ഗസ്സ സിറ്റി: ഇറാനുമായുള്ള കൊമ്പു കോർക്കലിൽ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ച 12 ദിവസംകൊണ്ട് ഇസ്രായേൽ ഗസ്സയിൽ കൊന്നു തള്ളിയത് നൂറുകണക്കിന് ഫലസ്തീനികളെ. ഇതിനിടയിലും ഗസ്സയിൽ ഇസ്രായേൽ സൈനിക അതിക്രമങ്ങൾ തടസ്സമില്ലാതെ തുടർന്നുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച്, ഇറാനുമായുള്ള ഇസ്രായേലിന്റെ സംഘർഷവേളയിൽ ഗസ്സയിൽ കുറഞ്ഞത് 870പേരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ മധ്യ-തെക്കൻ ഗസ്സയിൽ നടന്ന രണ്ട് സംഭവങ്ങളിലായി സഹായത്തിനായി കാത്തിരുന്ന 46 പേരെങ്കിലും ഇസ്രായേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി രക്ഷാപ്രവർത്തകരും ആശുപത്രികളും അറിയിച്ചു.
ഇസ്രായേലി സൈനിക മേഖലയിൽ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സഹായവിതരം നടത്തുന്ന ഒരു സ്ഥലത്തിന് സമീപം ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയപ്പോൾ സൈനികർ വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
യു.എസിന്റെയും ഇസ്രായേലിന്റെയും പിന്തുണയുള്ള ഈ ഭക്ഷ്യ വിതരണ സംവിധാനത്തെ യു.എൻ ഏജൻസികൾ അപലപിച്ചു. ‘മരണക്കെണി’യെന്നാണ് ഇതിനെ ഒരു ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. ഇത്തരം മാരകമായ ആക്രമണങ്ങൾ ദൈനംദിന സംഭവമായി മാറിയിട്ടുണ്ടെന്നും ഇസ്രായേൽ ഇറാനെ ആക്രമിച്ചതിനുശേഷം ഗസ്സക്കു പുറത്ത് താരതമ്യേന വളരെ കുറച്ച് ശ്രദ്ധ മാത്രമേ ഈ അതിക്രമങ്ങൾക്ക് ലഭിച്ചിട്ടുള്ളൂ എന്നും അവർ പറഞ്ഞു.
മെയ് അവസാനം ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചതിനുശേഷം 410ലധികം പലസ്തീനികൾ ഇസ്രായേലി വെടിവപ്പിലോ ഷെല്ലാക്രമണത്തിലോ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി യു.എൻ പറഞ്ഞു. ഏറ്റവും പുതിയ മരണങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
മധ്യ ഗസ്സയിലെ വിശന്നു തളർന്ന കുടുംബത്തിന് രാത്രിയിൽ ഭക്ഷണം ശേഖരിക്കാൻ പോയ യുവാവിനെ സൈന്യം വെടിവച്ച് പരിക്കേൽപ്പിച്ചു. ‘എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളുടെ ജീവൻ ഇത്ര വിലകുറഞ്ഞതായി കാണുന്നത്?- വിധവയായ മാതാവ് ഉമ്മു റാഇദ് അൽ നുഐസി ചോദിക്കുന്നു. ‘എന്റെ മകൻ സഹോദരങ്ങൾക്ക് ഭക്ഷണത്തിനായി ഒരു തരി മാവ് വാങ്ങാൻ പോയി, ഇപ്പോളവൻ തീവ്രപരിചരണ വിഭാഗത്തിലാണെന്നും’ അവർ പറഞ്ഞു.
അതീവ ദാരുണമാണ് പരിമിതമായ സൗകര്യത്തിൽ പ്രവർത്തിക്കുന്ന നുസൈറത്തിലെ അൽ അവ്ദ ആശുപത്രിയിൽ നിന്നുള്ള രംഗങ്ങൾ. വെടിയേറ്റ മുറിവുകളുമായി യുവാക്കൾ രക്തത്തിൽ കുളിച്ചും വേദനയിൽ ഞരങ്ങുന്നതുമായ കാഴ്ച വിവരാണതീതമാണ്. കിടക്കകളെല്ലാം നിxഞ്ഞതിനാൽ ഗുരുതരമായി മുറിവേറ്റവരടക്കം നിലത്താണ് കിടക്കുന്നത്.
ഇതിടെ, തെക്കൻ ഗസ്സയിൽ ഉണ്ടായ സ്ഫോടനത്തിൽ ഏഴ് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഉപരോധിക്കപ്പെട്ട ഫലസ്തീൻ പ്രദേശത്ത് ഈ വർഷം സൈനികർക്കെതിരെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മാരകമായ ഒറ്റ സംഭവങ്ങളിലൊന്നായാണ് അൽ ജസീറ ഇതിനെ വിശേഷിപ്പിച്ചത്.
ചൊവ്വാഴ്ച തെക്കൻ നഗരമായ ഖാൻ യൂനിസിൽ ഉണ്ടായ സ്ഫോടനത്തിൽ സൈനികർ കൊല്ലപ്പെട്ടുവെന്ന് ജറുസലേം പോസ്റ്റും റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട ആറ് സൈനികരുടെ പേരുകൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു.
തെക്കൻ ഗസ്സയിൽ നടന്ന മറ്റൊരു സംഭവത്തിൽ ഇതേ കോംബാറ്റ് എൻജിനീയറിങ് ബറ്റാലിയനിലെ മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റതായും സൈന്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.