ഗസ്സ സിറ്റി: ഗസ്സയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ സൈന്യം. തിങ്കളാഴ്ച മാത്രം കൊലപ്പെടുത്തിയത് 60 പേരെയാണ്. പടിഞ്ഞാറൻ റഫയിലും സെൻട്രൽ റഫയിലും സഹായ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രായേൽ വെടിവെപ്പ് നടത്തി. ഗസ്സ സിറ്റിയിൽ ഒരു മാധ്യമപ്രവർത്തകനെയും മൂന്ന് ആരോഗ്യപ്രവർത്തകരെയും ഇസ്രായേൽ കൊലപ്പെടുത്തി.
ഫോട്ടോ ജേണലിസ്റ്റായ മൊഅമെൻ മുഹമ്മദ് അബു അൽ-ഔഫ് ആണ് കൊല്ലപ്പെട്ടത്. വിവിധ മാധ്യമസ്ഥാപനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. ഇതോടെ ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകരുടെ എണ്ണം 227 ആയി.
പടിഞ്ഞാറൻ റഫയിൽ യു.എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ സഹായ കേന്ദ്രത്തിന് നേരെയാണ് ഇസ്രായേൽ സൈന്യം വെടിവെച്ചത്. 14 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സെൻട്രൽ ഗസ്സയിലും സഹായ വിതരണ കേന്ദ്രത്തിന് നേരെ വെടിവെപ്പുണ്ടായി. രണ്ട് പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 92 പേർക്ക് പരിക്കേറ്റു.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ 2023 ഒക്ടോബർ ഏഴിന് ശേഷം 54,927 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. മാർച്ച് 18ന് വെടിനിർത്തൽ ലംഘിച്ചതിന് ശേഷം മാത്രം കൊല്ലപ്പെട്ടത് 4649 േപരാണ്.
അതേസമയം, ഗസ്സയിലേക്കുള്ള യാത്രക്കിടെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത മെഡ്ലീൻ കപ്പലിലെ യാത്രക്കാരായ ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഏതാനും പേരെ ഉടൻ തന്നെ തിരിച്ചയക്കും. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് അടക്കമുള്ള 12 ആക്ടിവിസ്റ്റുകളെയാണ് ഇസ്രായേൽ സൈന്യം കപ്പൽ പിടിച്ചെടുത്ത് കസ്റ്റഡിയിലെടുത്തത്.
കടൽ ഉപരോധം ലംഘിക്കരുതെന്ന മുന്നറിയിപ്പിന് പിന്നാലെ തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് ഇസ്രായേൽ നാവിക സേനയും അതിർത്തി സുരക്ഷസേനയും മെഡ്ലീൻ കപ്പൽ പിടിച്ചെടുത്തത്. കപ്പൽ ഇസ്രായേലിലെ അഷ്ദോദ് തുറമുഖത്തേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.