ദുൻയാ അബൂ മുഹ്സിൻ ആശുപത്രിക്കിടക്കയിൽ

വേദനയായി ദുൻയാ! ആദ്യം അച്ഛനമ്മമാരെ ഇസ്രായേൽ ​കൊന്നു, അവളുടെ കാൽ അറുത്തു, ഇപ്പോൾ ജീവനും...

ഗസ്സ: ഇത് ദുൻയാ അബൂ മുഹ്സിൻ. ഗസ്സയിലെ 12കാരി. ഇന്നലെ ആ രക്തനക്ഷത്രം പൊലിഞ്ഞു. ഇസ്രായേൽ അവളെ കൊന്നു.

ഇസ്രയേൽ അധിനിവേശസേനയുടെ ആക്രമണത്തിൽ വലതുകാൽ മുറിച്ചുമാറ്റപ്പെട്ട അവൾ ആശുപത്രിക്കിടക്കയിൽ ചികിത്സയിൽ കഴിയുമ്പോഴാണ്,  ആ കുഞ്ഞു തലയോട്ടി പൊട്ടിച്ചിതറിച്ച് ഒരു ഷെൽ പതിച്ചത്.  

യുദ്ധമെന്ന പേരിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നരനായാട്ടിൽ ആദ്യം അവളുടെ വീടിന് നേരെ ആകാശത്തുനിന്ന് ബോംബ് വർഷിച്ചു. ഉപ്പയുടെയും ഉമ്മയുടെയും രണ്ട് സഹോദരങ്ങളുടെയും ജീവ​നെടുത്ത ആ ആക്രമണത്തിൽ അന്ന് ദുൻയാ അബൂ മുഹ്സിന് സാരമായി പരി​ക്കേറ്റു.  കാൽ മുട്ടിന് മുകളിൽവെച്ച് മുറിച്ചുമാറ്റി.


അംഗപരിമിതയായെങ്കിലും അവളുടെ സ്വപ്നങ്ങൾക്ക് പുതിയ ഗസ്സയെ പടുത്തുയർത്താൻ കഴിവുണ്ടായിരുന്നു. ഇസ്രായേൽ ഫൈറ്റർ ജെറ്റുകൾക്ക് തോൽപിക്കാൻ കഴിയാത്ത ആത്മവീര്യമുള്ളതായിരുന്നു അവൾ പങ്കുവെച്ച പ്രതീക്ഷകൾ. അൽനാസർ ആശുപത്രിയിലെ പരിചരണത്തിൽ കാലില്ലാതെ ജീവിതത്തിലേക്ക് അവൾ മെല്ലെ​ മെല്ലെ തിരികെ വരാൻ തുടങ്ങി. എന്നാൽ, ആശുപത്രിയുടെ സീലിങ്ങും ചുവരും തുളച്ച് ഇസ്രായേൽ നടത്തിയ മിസൈലാക്രമണത്തിൽ ആ സ്വപ്നങ്ങൾ നിശ്ശേഷം നിലച്ചു.


“ഇസ്രായേൽ തൊടുത്തുവിട്ട ഷെൽ ആശുപത്രി സീലിങ്ങിലേക്ക് തുളച്ചുകയറുകയും നേരിട്ട് അവളുടെ ദേഹത്ത് പതിച്ച് പൊട്ടിത്തെറിക്കുകയും ചെയ്തു. അവളുടെ തലയുടെ ഭാഗങ്ങളും രക്തവും ഈ ഭിത്തിയിലേക്ക് ചിതറിത്തെറിച്ചത് നിങ്ങൾക്ക് കാണാനാകും. ഇത് ക്രൂരമായ കുറ്റകൃത്യമാണ്” -അൽ നാസർ ​ആശുപത്രി മെഡിക്കൽ ഡയക്ടർ ഡോ. മുഹമ്മദ് സഖൗത്ത് അൽ ജസീറയോട് അദ്ദേഹം പറഞ്ഞു.

“ഉറ്റവർക്ക് പിന്നാലെ അവസാനം അവളുടെയും ജീവൻ നഷ്ടപ്പെട്ടു. ശത്രു ദുനിയയെ കൊന്നു. അവളുടെ എല്ലാ പ്രതീക്ഷകളെയും കൊന്നു. ആക്രമണത്തിന് മുമ്പ് ശത്രു ഞങ്ങൾക്ക് മുന്നറിയിപ്പോ ഒഴിപ്പിക്കൽ ഉത്തരവോ തന്നിട്ടില്ല. ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റിന് നേരെ ഷെല്ലാക്രമണം നടത്തുന്നതിന് മുമ്പ് ശത്രു ഒന്നും പറഞ്ഞില്ല.... ” -ഡോ. സഖൗത്ത് പറഞ്ഞു.

Tags:    
News Summary - Israel killed Donia Abu Mohsen and killed all her hopes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.