വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും ഞാൻ പ്രേരിപ്പിച്ചതിനാൽ ഒരു കരാറിൽ എത്തിയതുപോലെ, ഇറാനും ഇസ്രായേലും തമ്മിൽ കരാറിലെത്തുമെന്ന് യു.എസ് പ്രസഡിന്‍റെ ഡോണൾഡ് ട്രംപ്. പെഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ - പാക് സംഘർഷത്തിൽ വെടിനിർത്തൽ സാധ്യമായത് താൻ മധ്യവസ്ഥം വഹിച്ചതിനാലാണെന്ന് നേരത്തെ മുതൽ ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. ഒടുവിൽ ഇപ്പോൾ ഇറാൻ - ഇസ്രായേൽ യുദ്ധത്തിനിടെ വീണ്ടും ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുകയാണ്.
ഇറാനും ഇസ്രായേലും ഒരു ഡീലിൽ എത്തണം, എത്തുകയും ചെയ്യും. ഇന്ത്യയെയും പാകിസ്താനെയും ഒരു കരാർ ഉണ്ടാക്കാൻ ഞാൻ പ്രേരിപ്പിച്ചതുപോലെ; ആ സാഹചര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാനും നിർത്താനും കഴിഞ്ഞ രണ്ട് മികച്ച നേതാക്കളുമായുള്ള ചർച്ചകളിൽ യോജിപ്പും വിവേകവും കൊണ്ടുവരാൻ യു.എസുമായുള്ള ട്രേഡിന് കഴിഞ്ഞു -ട്രംപ് പറഞ്ഞു.
സെർബിയയും കൊസോവോയും പതിറ്റാണ്ടുകളായുള്ള സംഘർഷം യുദ്ധത്തിന്‍റെ വക്കിലായിരുന്നു. എന്‍റെ ആദ്യ ടേമിൽ അത് തടയാൻ എനിക്ക് കഴിഞ്ഞു -ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കാൻ ഇസ്രായേൽ സമർപ്പിച്ച പദ്ധതി ട്രംപ് തടഞ്ഞതായി യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഖാംനഈയെ കൊല്ലാനുള്ള പദ്ധതി വികസിപ്പിച്ചെടുത്തതായി ഇസ്രായേൽ അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ, ട്രംപ് ഇതിനെ എതിർത്തതായി വൈറ്റ് ഹൗസ് ഇസ്രായേൽ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.