ന്യൂഡൽഹി: ഇറാന്‍റെ ആണവ കേന്ദ്രങ്ങൾക്കു നേരെയുള്ള ഇസ്രായേൽ ആക്രമണം ആഗോള എണ്ണ വിപണിയിൽ വിലക്കയറ്റം ഉണ്ടാക്കിയിരിക്കുന്നു. ഇന്ന് എണ്ണവില ഏഴ് ശതമാനത്തിലധികം ഉയർന്നു. ബ്രന്‍റ് ക്രൂഡിന്‍റെ വില 6 ഡോളറിലധികം ഉയർന്ന് ബാരലിന് അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 78 ഡോളറായി. ഇറാന്‍റെ പ്രതികാര നടപടികൾ പശ്ചിമേഷ്യയിലെ എണ്ണവ്യാപാരത്തെ ബാധിക്കും.
എണ്ണവ്യാപാരത്തിന്‍റെ പ്രധാന മാർഗമായ ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്തിയാൽ ആഗോള എണ്ണ വിപണിയെ അത് ബാധിക്കും. ലോകത്തിലെ എണ്ണ ഉപഭോഗത്തിന്‍റെ അഞ്ചിലൊന്ന് ഭാഗവും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. വടക്ക് ഇറാനാലും തെക്ക് ഒമാനാലും യുണൈറ്റഡ് അറബ് എമിറേറ്റ്സാലും (യു.എ.ഇ) അതിർത്തി പങ്കിടുന്ന ഹോർമുസ് കടലിടുക്ക് ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നു.
അതിനാൽ സൗദി, ഇറാഖ്, കുവൈത്ത്, യു.എ.ഇ എണ്ണ വിതരണത്തെ ബാധിക്കുന്ന തരത്തിൽ നിലവിലെ സംഘർഷം വിലയിൽ കുത്തനെയുള്ള വർഝനവിന് കാരണമാകും. പ്രതിദിനം 18 മുതൽ 19 ദശലക്ഷം ബാരൽ എണ്ണ ഇതുവഴി കടന്നു പോകുന്നുണ്ട്. മേഖലയിലെ എണ്ണ ഉൽപാദന രാജ്യങ്ങൾ വില കൂട്ടാനുള്ള സാധ്യതയും ഉണ്ട്.
ഇറാൻ പ്രതിദിനം ഏകദേശം 3.3 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുകയും (ആഗോള ഉൽപാദനത്തിന്റെ 3 ശതമാനം) പ്രതിദിനം 1.5 കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ചൈനയാണ് പ്രധാന ഇറക്കുമതി രാജ്യം (80 ശതമാനം). തൊട്ടുപിന്നിൽ തുർക്കി. റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യ ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.