തെഹ്റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ വെടിനിർത്തലിനുള്ള നയതന്ത്ര പരിശ്രമങ്ങൾ പുരോഗമിക്കുകയാണ്. ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തും. വെള്ളിയാഴ്ച ജനീവയിലാണ് ചർച്ചകൾ നടക്കുക.
അതിനിടെ, ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്തെത്തി. ഇറാൻ ആണവായുധം നേടുന്ന സാഹചര്യം ഉണ്ടാകരുതെന്ന കാര്യത്തിൽ അമേരിക്കക്കും ബ്രിട്ടനും യോജിപ്പെന്ന് ഡേവിഡ് ലാമി വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്താൻ ഡേവിഡ് ലാമി ജനീവയിലെത്തും.
ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി യു.എസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി. ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്‍റെ നിലവിലെ സ്ഥിതിഗതികളാണ് ഇരു മന്ത്രിമാർ വിലയിരുത്തിയത്.
യുദ്ധം ഒഴിവാക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ചൈന അറിയിച്ചു. ഗൾഫ് രാഷ്ട്ര നേതാക്കളും വിവിധ രീതിയിലുള്ള ഇടപെടൽ ഇസ്രായേൽ-ഇറാൻ സംഘർക്ഷം പരിഹരിക്കാൻ നടത്തുന്നുണ്ട്.
സംഘർഷ പശ്ചാത്തലത്തിൽ തെഹ്റാനിലെ എംബസിയുടെ പ്രവർത്തനം ആസ്ട്രേലിയ അവസാനിപ്പിച്ചു.
യുദ്ധത്തിൽ അമേരിക്കയെ നേരിട്ട് പങ്കാളിയാക്കാനുള്ള ശ്രമം ഇസ്രായേൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനെതിരെ അമേരിക്കയിൽ വലിയ പ്രതിഷേധമുണ്ട്. അമേരിക്ക ഇടപെട്ടാൽ പ്രത്യാഘാതം മാരകമായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെ ആക്രമിക്കുന്ന സാഹസത്തിന് അമേരിക്ക മുതിരരുതെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവും പറഞ്ഞു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കുന്നത് യുദ്ധലക്ഷ്യമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഇന്നലെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.