തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം
ബൈറൂത്: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി ലബനാനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ശനിയാഴ്ച തെക്കൻ ലബനാനിൽ നടത്തിയ വ്യോമാക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടതിനുപിറകെ ഇറാൻ ഹുർമുസ് വീണ്ടും അടച്ചു.
ലബനാന്റെ പരമാധികാരത്തെ മാനിക്കുകയും ആക്രമണം അവസാനിപ്പിക്കുകയും ചെയ്യണമെന്ന യു.എസ്-ഇറാൻ വെടിനിർത്തൽ കരാറിലെ നിബന്ധന ഇസ്രായേൽ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് നീക്കം. ഇരു രാജ്യങ്ങളും തമ്മിൽ സ്വിറ്റ്സർലൻഡിൽ സമാധാന ചർച്ച നടക്കാനിരിക്കെ ഇസ്രായേൽ തുടരുന്ന കടുത്ത സൈനിക നടപടി ആഗോള വിപണിയെ വീണ്ടും അനിശ്ചിതാവസ്ഥയിലേക്ക് തള്ളിവിടുമോയെന്ന് ആശങ്കയുണ്ട്.
അതേസമയം, ഇറാനുമായുള്ള സമാധാന ചർച്ചകൾക്ക് യു.എസ് നയതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറും സ്വിറ്റ്സർലൻഡിൽ എത്തുമെന്ന് പാശ്ചാത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അനിശ്ചിതാവസ്ഥക്കൊടുവിൽ, ചർച്ചയിൽ പങ്കെടുക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്ക് ഇറാൻ തയാറാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായീൽ ബഗാഹി അറിയിച്ചു.
വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലേക്കുള്ള യാത്ര റദ്ദാക്കിയ ഇറാൻ നേതൃത്വത്തെ പാകിസ്താൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി തലസ്ഥാനമായ തെഹ്റാനിലെത്തി അനുനയിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച ലബനാനിലെ നബാത്തിയ പട്ടണത്തിലും തൊട്ടടുത്ത ഗ്രാമങ്ങളിലുമാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ദേശീയ വാർത്ത ഏജൻസി അറിയിച്ചു. 13 പേർക്ക് പരിക്കേറ്റു.
കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഉൾപ്പെടും. ബാരിഷ് ഗ്രാമത്തിലുള്ള കുടുംബത്തിെല കുട്ടികളടക്കമുള്ള നാലുപേർ കൊല്ലപ്പെട്ടു. അറബ് സലിം ഗ്രാമത്തിൽ തകർന്ന വീട്ടിൽനിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. ദൗയിർ, കഫാർ റമ്മാൻ ഗ്രാമങ്ങളിൽ ഡ്രോൺ ആക്രമണത്തിൽ മോട്ടോർ സൈക്കിൾ യാത്രക്കാരനും ലബനീസ് സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. ഖന്നാരിത്, സൊഹ്മർ, ഷെഹൂർ ഗ്രാമങ്ങളിലുണ്ടായ ആക്രമണങ്ങളിൽ ഒമ്പതുപേരുടെ ജീവൻ നഷ്ടപ്പെട്ടു.
ലബനാൻ ഗ്രാമങ്ങൾക്ക് മുകളിലൂടെ പുകപടലങ്ങൾ ഉയരുന്നതിന്റെയും തീരദേശ നഗരത്തിന് മുകളിലൂടെ ഇസ്രായേൽ യുദ്ധ വിമാനങ്ങൾ വട്ടമിട്ട് പറക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
തെക്കൻ ലബനാനിലെ ഇസ്രായേൽ സേനക്കുനേരെ വെള്ളിയാഴ്ച രാത്രി ഹിസ്ബുല്ല 50 ലധികം പ്രൊജക്റ്റൈലുകൾ പ്രയോഗിച്ചതിനുള്ള തിരിച്ചടിയാണിതെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ ന്യായീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.