ഗസ്സ സിറ്റി: ലോകം ഇറാൻ- ഇസ്രായേൽ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന നരനായാട്ട് തുടർന്ന് ഇസ്രായേൽ സൈന്യം. മൂന്നു ദിവസങ്ങളിലായി ഗസ്സ, റഫ, ഖാൻ യൂനുസ് എന്നിവിടങ്ങളിൽ ഭക്ഷണ ക്യാമ്പുകൾക്ക് മുന്നിൽ ക്യൂ നിന്ന നിരപരാധികൾക്കു നേരെ ഇസ്രായേൽ സൈന്യം നടത്തിയ കൂട്ടവെടിവെപ്പിൽ 115 പേർ കൊല്ലപ്പെട്ടു.
വ്യാഴാഴ്ച മാത്രം 16 പേരെ കൊലപ്പെടുത്തിയ സൈന്യം ബുധനാഴ്ച കൊന്നു തള്ളിയത് 29 പേരെയാണ്. അതിനു തലേന്നുമാത്രം 70 പേരെയും കൊലപ്പെടുത്തി. ഗസ്സയിലും ഖാൻ യൂനിസിലും ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജി.എച്ച്.എഫ്) ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കു മുന്നിൽ അന്നം കാത്തിരുന്നവർക്കു നേരെ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു. ഡ്രോണുകൾ, മെഷീൻ ഗൺ, ടാങ്കുകൾ എന്നിവ ഉപയോഗിച്ചാണ് നിരപരാധികളെ വെടിവെച്ചതെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ പറഞ്ഞു. തിങ്കളാഴ്ച മാത്രം ഭക്ഷണം വാങ്ങാൻ ശ്രമിക്കുന്നതിനിടെ 38 പേരെയാണ് ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നത്.
ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള ഒരു സ്ഥാപനമാണ് ജി.എച്ച്.എഫ്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പകരമായി മേയിലാണ് ഇസ്രായേൽ ഇത് സ്ഥാപിച്ചത്. വെസ്റ്റ് ബാങ്കിൽ വ്യാപകമായ റെയ്ഡുകൾ നടത്തുന്നതിനിടെ ഇസ്രായേൽ സൈന്യം ഗസ്സയിലെ ഫലസ്തീനികളെ ആക്രമിക്കുന്നത് തുടരുകയാണ്. ഉപരോധം കാരണം വലഞ്ഞ ഫലസ്‍തീനികൾക്ക് ഭക്ഷണം കൊടുക്കാനെന്ന രീതിയിൽ ഒരുമിപ്പിച്ച് നിർത്തി കൂട്ടക്കൊല ചെയ്യുന്ന രീതിയാണ് ഇസ്രായേൽ പിന്തുടരുന്നത്. ഇറാൻ- ഇസ്രായേൽ യുദ്ധത്തിൽ ലോകം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അധിനിവേശ പ്രദേശങ്ങളിൽ പലസ്തീനികൾക്കെതിരായ അക്രമം വർധിക്കുകയാണ്.
‘ഡ്രോണുകൾ പൗരന്മാർക്ക് നേരെ വെടിയുതിർത്തു. ഇസ്രായേലി ടാങ്കുകൾ ഫലസ്തീനികൾക്ക് നേരെ ഷെല്ലുകൾ പ്രയോഗിച്ചു, ഇത് നിരവധി പേരുടെ മരണത്തിനും പരിക്കിനും’ കാരണമായതായി ഗസ്സയുടെ സിവിൽ ഡിഫൻസ് ഏജൻസി പറഞ്ഞു. ഇറാൻ ആക്രമണത്തിനു ശേഷം ഗസ്സയിൽ നരഹത്യ വൻതോതിൽ വർധിച്ചതായാണ് റിപ്പോർട്ട്. ഫലസ്തീൻ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കുമുള്ള പ്രവേശന കവാടങ്ങൾ ഇസ്രായേൽ സൈന്യം തടഞ്ഞു, സൈനിക ചെക്ക്‌പോസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.