ബെയ്റൂത്ത്: ഗസ്സയിൽ വെടിനിർത്തലിന് സമ്മതിച്ചെങ്കിലും ഒന്നിലധികം മുന്നണികളിൽ നിന്ന് അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് ഇസ്രായേൽ തുടരുന്നു. രണ്ടു വർഷം നീണ്ട വംശഹത്യാ യുദ്ധത്തിനെതിരെ ആഗോളതലത്തിൽ സമ്മർദം ശക്തമായതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ പത്തു മുതൽ ഗസ്സയിൽ ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരികയുണ്ടായി. എന്നാൽ, അതിനു ശേഷമുള്ള ആഴ്ചകളിലും വെസ്റ്റ് ബാങ്ക്, ലബനാൻ, സിറിയ തുടങ്ങിയ അയൽദേശങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. മേഖലയെ ഒന്നടങ്കം അസ്ഥിരമാക്കുകയും ദുർബലമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലെന്നാണ് റിപ്പോർട്ട്.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടപടികൾ കടുപ്പിച്ചു. 2023 ഒക്ടോബർ 7 മുതൽ വെസ്റ്റ് ബാങ്കിൽ മാത്രം ഇസ്രായേൽ സൈന്യം 1,000ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കി. അധിനിവേശ പ്രദേശം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ അതിനുശേഷം ശക്തമാക്കി.
തുടർച്ചയായ രണ്ടാം ആഴ്ചയും ഇസ്രായേലി പട്ടാളക്കാരും കുടിയേറ്റക്കാരായ യഹൂദൻമാരും ഒലിവ് വിളവെടുക്കാൻ ശ്രമിക്കുന്ന ഫലസ്തീനികളെ ഉപദ്രവിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഇസ്രായേലിൽ അടുത്തിടെ തടവിലിട്ട ഫലസ്തീനികളിൽ ഒരാളെ ജനുവരിയിലെ ഹ്രസ്വകാല വെടിനിർത്തൽ സമയത്ത് തടവുകാരുടെ കൈമാറ്റത്തിൽ വിട്ടയച്ചിരുന്നു. തുടർന്ന് വീണ്ടും അറസ്റ്റ് ചെയ്തതായി ‘വഫ’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വെസ്റ്റ് ബാങ്കിന്റെ അധിനിവേശത്തെ പിന്തുണക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമ്മർദ്ദത്തിലാക്കാൻ തന്റെ അനുയായികളെ പ്രേരിപ്പിച്ച ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് ഉൾപ്പെടെയുള്ള ഇസ്രായേലി ഉന്നതരുടെ വാക്കുകൊണ്ടുള്ള ആക്രമണങ്ങളും നിരന്തം ഫലസ്തീനികൾ നേരിടുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിന്മേൽ ഇസ്രായേൽ പരമാധികാരം പ്രഖ്യാപിക്കണമെന്നും അത് ഫലസ്തീൻ രാഷ്ട്രം എന്ന അപകടകരമായ ആശയത്തെ തടയുമെന്നും സ്മോട്രിച്ച് പറയുകയുണ്ടായി.
സിറിയയിലാവട്ടെ, സമീപ ദിവസങ്ങളിൽ ഇസ്രായേൽ സൈന്യം വളരെ സജീവമാണ്. തെക്കൻ അതിർത്തിയിലെ സിറിയൻ മേഖലയിലേക്ക് സേനയുടെ ദിവസേനയുള്ള കടന്നുകയറ്റങ്ങൾ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഡിസംബറിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ ഭരണകൂടം വീണപ്പോൾ, ഇസ്രായേൽ സിറിയയുടെ പ്രദേശത്തേക്ക് അതിക്രമിച്ചു കയറി രാജ്യത്തുടനീളമുള്ള സൈനിക അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചു തകർത്തു. സിറിയയുടെ പുതിയ സർക്കാർ ഇസ്രായേലിന്റെ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുന്നില്ലെന്നും ഇസ്രായേൽ അതിന്റെ കടന്നുകയറ്റം തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.
ഇസ്രായേലി സൈനികരുടെ കരയിലൂടെയുള്ള നുഴഞ്ഞുകയറ്റം, രഹസ്യാന്വേഷണം, സിറിയൻ പ്രദേശത്ത് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഞായറാഴ്ച രാവിലെയാണ് ഇസ്രായേലിന്റെ ഏറ്റവും പുതിയ ആക്രമണം നടന്നതെന്ന് സിറിയൻ സ്റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റ് ‘സന’ റിപ്പോർട്ട് ചെയ്തു.
തെക്കൻ സിറിയയിലെ ഖുനൈത്രയിലെ നിരവധി ഗ്രാമങ്ങൾ സമീപ ആഴ്ചകളിൽ ഇസ്രായേലി കടന്നുകയറ്റത്തിന് ഇരയായി. ഒക്ടോബർ 24ന് നടന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ സെഷനിൽ, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽനിന്ന് ഇസ്രായേൽ വിട്ടുനിൽക്കണമെന്നും മേഖലയിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും സിറിയയുടെ യു.എൻ പ്രതിനിധി ഇബ്രാഹിം ഒലാബി പറഞ്ഞു. ഗോലാൻ കുന്നുകൾ ഉൾപ്പെടെയുള്ള സിറിയൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്ന അധിനിവേശത്തെയും അദ്ദേഹം അപലപിച്ചു.
ഇസ്രായേലിന്റെ ആക്രമണാത്മക രീതികൾ സിറിയയും ഇസ്രായേലും തമ്മിലുള്ള ‘1974ലെ വിച്ഛേദിക്കൽ കരാറി’ന്റെ ലംഘനമാണെന്ന് ഒലാബി പറഞ്ഞു. എന്നാൽ, അൽ അസദിന്റെ പതനത്തിനുശേഷം 1974ലെ കരാർ അസാധുവാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ലെബനാനിലെ ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാർ പതിവായി ലംഘിക്കുന്നത് ഇസ്രായേൽ തുടരുകയാണ്. തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയായ ‘യുനിഫിലി’നു നേർക്ക് ഇസ്രായേലി ഡ്രോൺ ആകാശത്ത് നിന്നും ഇസ്രായേലി ടാങ്ക് കരയിൽ നിന്നും വെടിയുതിർത്തു. എന്നാൽ, ആർക്കും പരിക്കേറ്റിട്ടില്ലെന്ന് യുനിഫിൽ പറഞ്ഞു. സമാധാന സേനക്കു നേരെ ഇസ്രായേൽ നിരന്തരം ആക്രമണങ്ങൾ നടത്തുന്നുണ്ട്.
2024 നവംബർ 27ന് ലെബനൻ സർക്കാറും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ ഒപ്പുവച്ചതോടെ ലെബനാനിനെതിരായ ഇസ്രായേലിന്റെ യുദ്ധം അവസാനിച്ചതാണ്. എന്നാൽ, ഇസ്രായേൽ അവിടെ നിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കാൻ തയ്യാറായില്ല. മറിച്ച് ദിവസേന രാജ്യത്ത് ബോംബാക്രമണം തുടരുകയുമാണ്.
സമീപകാല ആക്രമണങ്ങളിലൂടെ ഹിസ്ബുല്ലയുടെ പുനഃർനിർമാണത്തിനായുള്ള സംവിധാനങ്ങൾ നശിപ്പിക്കുകയും സാധാരണക്കാരെ വധിക്കുകയും ചെയ്തിട്ടുണ്ട്. പുനഃർനിർമാണത്തെ തടയുന്നതിനാണ് ഈ ആക്രമണങ്ങൾ എന്ന് ഇസ്രായേലി മാധ്യമങ്ങൾ അവകാശപ്പെടുന്നു.
ലെബനാൻ സർക്കാർ ഹിസ്ബുല്ലയെ പൂർണമായും നിരായുധീകരിക്കണമെന്ന് ഇസ്രായേലും യു.എസും നിർബന്ധം ചെലുത്തുന്നു. തെക്കൻ ലെബനനിൽ നിന്ന് ഹിസ്ബുല്ല പിന്മാറണമെനാണ് അവരുടെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.