ഗസ്സ സിറ്റി: അഭയാർഥി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗസ്സ സിറ്റിയിലെ ഫഹ്മി അൽ-ജർജാവി സ്കൂൾ ആക്രമിച്ച് ഇസ്രായേൽ സൈന്യം 25 പേരെ കൊലപ്പെടുത്തി. ഗസ്സയിലെ പ്രായംകുറഞ്ഞ ഇൻഫ്ലുവൻസറായ യാഖീൻ ഹമദ് ഉൾപ്പെടെ നിരവധി കുട്ടികളും രണ്ട് റെഡ് ക്രോസ് പ്രവർത്തകരും ഒരു മാധ്യമപ്രവർത്തകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഭയകേന്ദ്രങ്ങളായ സ്കൂളുകൾ ആക്രമിക്കുന്നത് ഇസ്രായേൽ തുടരുകയാണ്. ഗസ്സയിലെ 95 ശതമാനം സ്കൂളുകളും ഇസ്രായേൽ ആക്രമിച്ചുകഴിഞ്ഞു.
ആക്രമണത്തിന് പിന്നാലെ സ്കൂളിൽ തീപടർന്നു. തീ പിന്നീട് നിയന്ത്രണവിധേയമാക്കിയെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ടെലഗ്രാം അപ്ഡേറ്റിൽ അറിയിച്ചു. 21 പേർക്ക് പരിക്കേറ്റിരുന്നു.
ബോംബാക്രമണത്തിൽ സ്കൂളിന്‍റെ പകുതിയോളം ഭാഗങ്ങൾ തകർന്നു. വലിയ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. അവശിഷ്ടങ്ങൾക്കുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.
കഴിഞ്ഞ ദിവസം ഗസ്സയിൽ ഫലസ്തീൻ വനിതാ ഡോക്ടറുടെ ഒമ്പത് കുഞ്ഞുങ്ങളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. നാസർ മെഡിക്കൽ കോംപ്ലക്സിലെ അൽ തഹ്‌രീർ ആശുപത്രി പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ. അല അൽ നജ്ജാറിന്‍റെ മക്കളെയാണ് കൊലപ്പെടുത്തിയത്. ഡോക്ടറുടെ ഖാൻ യൂനിസിലെ വീട് ഇസ്രായേൽ ആക്രമിക്കുകയായിരുന്നു. ഈ സമയത്ത് ഡോക്ടർ ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു. ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ അവശേഷിക്കുന്ന ഒരു മകൻ അതിഗുരുതരാവസ്ഥയിലാണ്.
ഗസ്സയിൽ ഒന്നരവർഷത്തിലേറെ തുടരുന്ന ഇസ്രായേൽ സൈന്യത്തിന്‍റെ നരനായാട്ടിൽ 53,901 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 1.22 ലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റു. 16,500ഓളം കുട്ടികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. മൂന്ന് മാസമായി തുടരുന്ന ഇസ്രായേൽ ഉപരോധത്തിൽ അതീവ ഗുരുതരമായ മാനുഷിക ദുരന്തമാണ് ഗസ്സ നേരിടുന്നത്.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന മനുഷത്വരഹിതമായ ആക്രമണങ്ങൾ നിർത്തിയില്ലെങ്കിൽ രാജ്യത്തിനുമേൽ ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സ്പെയിൻ ആവശ്യപ്പെട്ടു. യൂറോപ്യൻ, അറബ് രാജ്യങ്ങളുമായി നടത്തിയ യോഗത്തിനൊടുവിലാണ് സ്പെയിനിന്റെ ആവശ്യം. വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.