ജറൂസലം: ഹൂതി വിമതരെ ലക്ഷ്യമിട്ട് യമനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം. ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ ആളപായമുണ്ടായതായി വിവരമില്ല. തലസ്ഥാനമായ സൻആയിലെ വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായതെന്ന് ഹൂതികളുടെ സാറ്റലൈറ്റ് വാർത്ത ചാനൽ റിപ്പോർട്ട് ചെയ്തു.
വിമാനത്താവളത്തിൽനിന്നും സമീപത്തുനിന്നും ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ സൈനിക വക്താവ് അവിചയ് അദ്രെയ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. തെൽ അവീവിലെ പ്രധാന വിമാനത്താവളത്തിന് സമീപം ഹൂതികൾ കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് സൈനിക നീക്കം. ഇസ്രായേൽ ആക്രമണങ്ങൾ പിന്തിരിപ്പിക്കില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഹൂതി മീഡിയ ഓഫിസ് മേധാവി നസ്റുദ്ദീൻ ആമിർ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് ഇസ്രായേൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹുദൈദ തുറമുഖത്താണ് ആറ് തവണ ആക്രമണമുണ്ടായതെന്ന് ഹൂതികളുടെ മാധ്യമവിഭാഗം അറിയിച്ചു. ഹുദൈദ നഗരത്തിൽനിന്ന് 55 കിലോമീറ്റർ അകലെ ബാജിൽ ജില്ലയിലെ സിമന്റ് ഫാക്ടിക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിൽ 20 ലധികം യുദ്ധവിമാനങ്ങൾ പങ്കെടുത്തതായി ഇസ്രായേലി സൈന്യം അറിയിച്ചു. ഡസനിലേറെ കേന്ദ്രങ്ങളിൽ 50 ലേറെ ബോംബിട്ടതായും അവർ വ്യക്തമാക്കി. ഹുദൈദ തുറമുഖത്ത് സ്ഫോടന ശബ്ദം കേട്ടതായും തീയും പുകയും ഉയരുന്നത് കണ്ടതായും പ്രദേശവാസികൾ പറഞ്ഞു.
അതേസമയം, ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണമാണ് നടന്നതെന്ന ഹൂതികളുടെ ആരോപണം യു.എസ് പ്രതിരോധ ഉദ്യോഗസ്ഥൻ തള്ളി. ഹൂതികൾക്കെതിരെ യു.എസ് നടത്തുന്ന ഓപറേഷൻ റഫ് റൈഡറിന്റെ ഭാഗമായിരുന്നില്ല ഇസ്രായേൽ ആക്രമണമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.